റിപ്പബ്ളിക് ദിന പരേഡിലും, രാജ്പഥ് മാർച്ചിലും പ്രധാന മന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരികെയെത്തിയ എൻ.സി.സി കേഡറ്റുകൾക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. മൂന്നു സ്വർണ്ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും മികച്ച മൂന്നു കേഡറ്റുകൾക്ക് ഡയറക്ടർ ജനറലിന്റെ പ്രശസ്തിപത്രവും ലഭിച്ചു.  22 കേഡറ്റുകൾ ഗാർഡ് ഓഫ് ഓണറിലും രാജ്പത്ത് മാർച്ചിലും പങ്കെടുക്കാനുള്ള അവസരവും രണ്ട് എ.എൻ.ഒ മാർക്ക് പ്രതിരോധമന്ത്രിയുടെ പ്രശസ്തി പത്രവും ലഭിച്ചു.  മികച്ച പ്രകടനം നടത്തി തിരികെയെത്തിയ കേഡറ്റുകൾക്ക് എൻ.സി.സി ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ ബാന്റ് മേളത്തോടെ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. 116 എൻ.സി.സി കേഡറ്റുകൾ (77 ആൺകുട്ടികളും 39 പെൺകുട്ടികളും) കണ്ടിജന്റ് കമാൻഡർ കേണൽ ജയകൃഷ്ണൻ, 15 അംഗ പരിശീലകർ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്. എസ്.എ.പി പോലീസ് ക്യാമ്പിൽ താമസിക്കുന്ന കേഡറ്റുകൾക്ക് മൂന്നിന് രാവിലെ 11.30 ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരണം നൽകും. നാലിന് രാവിലെ 11.30 ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വീകരണം നൽകും.  മികച്ച എൻ.സി.സി ഗ്രൂപ്പിനുള്ള ബാനറും സമ്മാനിക്കും. സ്വീകരണ പരിപാടിക്ക് ബ്രിഗേഡിയർ എസ്.എൽ ജോഷി, ഒഫിഷ്യേറ്റിംഗ് അഡീഷണൽ ഡയറക്ടർ ജനറൽ, തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.ജെ.എസ് ബഗിയാന, ഡയറക്ടർ കേണൽ എസ് ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകൾക്ക് റെയിൽവെസ്റ്റേഷനിൽവച്ച് സ്വീകരണം നൽകിയത്.