വിദ്യാർത്ഥികൾക്ക് സുവർണാവസരങ്ങളുമായി ഹാക്കത്തോണുകൾ. ഉന്നത വ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍“ഹാക്കത്തോൺ” എന്ന വാക്ക് എല്ലാവർക്കും

സുപരിചിതമായിരിക്കില്ല. അതേസമയം, വിവിധ
വിദേശരാജ്യങ്ങളും മുൻനിര വ്യവസായ സ്ഥാപനങ്ങളും അവരുടെ
റിക്രൂട്ട്മെന്റ് പ്രോസസ്സിലും ഭരണനിർവ്വഹണത്തിനും
ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു സങ്കേതമാണ്
ഹാക്കത്തോണുകൾ. ഹാക്കത്തോൺ എന്ന് കേൾക്കുമ്പോൾ ആദ്യം
മനസ്സിൽ ഓടിയെത്തുന്നത് കമ്പ്യൂട്ടർ ഉപയോഗിച്ചു സങ്കീർണ്ണമായ
കോഡിങ് വഴി ചെയ്യുന്ന ഹാക്കിങ് ആണ്. എന്നാൽ അതല്ല
ശെരിക്കും ഹാക്കത്തോൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌,
ലോകത്ത് ഒട്ടേറെ കഴിവുറ്റ വിദ്യാർത്ഥികൾക്കും
ഉദ്യോഗാർത്ഥികൾക്കും ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ ഉന്നത
തസ്തികകളിൽ തൊഴിൽ നേടി കൊടുത്തു കൊണ്ടിരിക്കുന്ന വളരെ
പ്രചാരമേറിയ ഒരു പരിപാടിയാണ് ഹാക്കത്തോൺ.

ഹാക്കത്തോണിനെ ഏറ്റവും ഭംഗിയായി വിശേഷിപ്പിക്കാൻ
കഴിയുന്നത് മണിക്കൂറുകളോളം ഇടവേളകളില്ലാതെ ഒരു ഗ്രൂപ്പായി
ഒരു പ്രശ്‍നം പരിഹരിക്കാനായി വർക്ക് ചെയ്യുന്ന പ്രക്രിയ
എന്നാണ്. ഇതിലൂടെ ഒരു വലിയ കൂട്ടം ആളുകളുടെ
കഴിവളക്കാനും അവരുടെ പ്രശ്നപരിഹാരശേഷി
ഉപയോഗിച്ചുകൊണ്ട് വിവിധ സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾക്കുള്ള
ഫലവത്തായ പരിഹാരം കണ്ടെത്താനും കഴിയുന്നു.
തുടർച്ചയായുള്ള കൂട്ടായ പ്രവർത്തനം, പങ്കെടുക്കുന്നവർക്ക് വളരെ
വേഗത്തിൽ ആശയങ്ങൾ അവതരിപ്പിക്കാനും
പ്രാവർത്തികമാക്കാനും അവസരം നൽകുന്നു. ഇത്
പ്രശ്നപരിഹാരത്തിന്റെ വേഗത വളരെയധികം മെച്ചപ്പെടുത്തുന്നു.
അതുകൊണ്ടുതന്നെ ഫേസ്ബുക്, ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങി
ലോകത്തിലെ ഒട്ടുമിക്ക മുൻനിര സ്ഥാപനങ്ങളും വർഷങ്ങളായി
ഹാക്കത്തോണുകൾ നടത്തിവരുന്നു. അവരുടെ റിക്രൂട്ട്മെന്റ്
പ്രോസസ്സിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായി
ഹാക്കത്തോണുകൾ മാറിക്കഴിഞ്ഞു.

മാറ്റങ്ങൾ വന്നു തുടങ്ങുന്നു,
ഹാക്കത്തോണുകൾ കൂടുതൽ ജനപ്രിയമാകുന്നു.
കുറച്ചുവർഷങ്ങൾക്കുമുമ്പ് വരെ ഹാക്കത്തോണുകൾ വലിയ
കമ്പനികൾ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഉപായം ആയിരുന്നു.
പക്ഷെ ഇന്ന് അങ്ങിനെയല്ല. ചെറുകിട സ്ഥാപനങ്ങളും
സ്റ്റാർട്ടപ്പുകളും വിവിധ ഗവണ്മെന്റ് ഡിപ്പാർട്മെന്റുകളും
ഹാക്കത്തോണുകൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്.
സോഫ്റ്റ്‌വെയർ മേഖലയിൽ നിന്ന് മാറി ഹാക്കത്തോണുകൾ
കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ഇതിനു ഏറ്റവും
പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ
മാനവവിഭവശേഷി മന്ത്രാലയവും AICTE യും ചേർന്ന്
നടത്തിപ്പോരുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണുകള്‍.
ഹാർഡ്‌വെയർ രംഗത്തും സോഫ്റ്റ്‌വയര്‍ രംഗത്തും കഴിഞ്ഞ 3
വർഷങ്ങളായി സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ രണ്ടു ഭാഗങ്ങളായി
രാജ്യമെമ്പാടും നടത്തുകയുണ്ടായി. അതിനെ തുടർന്ന് തിരഞ്ഞെടുത്ത
വിദ്യാർത്ഥികളെ സിംഗപ്പൂർ ഇന്ത്യ ഹാക്കത്തോണിലും
പങ്കെടുപ്പിച്ചിരുന്നു. ഇവയെല്ലാം ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വളരെയേറെ
ഗുണപ്രദമാകുന്നവയായിരുന്നു.
സ്മാർട്ട് ഇന്ത്യ ഹാക്കത്തോണില്‍ ഗവണ്മെന്റ്
ഡിപ്പാർട്മെന്റുകളുടെ പ്രോബ്ലം സ്റ്റേറ്റ്മെന്റുകളോടൊപ്പം സ്വകാര്യ
സ്ഥാപനങ്ങളിലെ പ്രോബ്ലം സ്റ്റേറ്റ്മെന്റുകളും ഉൾപ്പെടുത്തിയിരുന്നു.
അത് വിദ്യാർത്ഥികൾക്ക് നേരിട്ട് ഭരണകേന്ദ്രങ്ങളുമായി ചേർന്ന്
പ്രവർത്തിക്കാനുള്ള അവസരമുണ്ടാക്കിയതിനോപ്പം അവർക്കു
രാജ്യത്തിൻറെ പുരോഗതിക്കുവേണ്ടി ഏറ്റവും മെച്ചപ്പെട്ട
പരിഹാരങ്ങൾ കൊണ്ടുവരാനും അവസരമൊരുക്കിയിരുന്നു.
ഇതുകൂടാതെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്കുവേണ്ടി
പരിഹാരങ്ങൾ കണ്ടെത്തുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഉയർന്ന
തൊഴിൽ അവസരങ്ങളും നേരിട്ട് കമ്പനികളിൽ നിന്ന് ഓഫറുകൾ
വരാനും ഏറെ സഹായിച്ചു.
മാനവവിഭവശേഷി മന്ത്രാലയവും AICTE യും സിംഗപ്പൂർ NTU
യൂണിവേഴ്‌സിറ്റിയും കൂടി സംഘടിപ്പിച്ച സിംഗപ്പൂർ ഇന്ത്യ
ഹാക്കത്തോൺ വൻ വിജയമാകുകയും വിദ്യാർത്ഥികൾക്ക് മികച്ച
അവസരങ്ങൾ ലഭിക്കുകയും ചെയ്തതോടെ ഹാക്കത്തോണുകൾ
രാജ്യത്ത് കൂടുതൽ പ്രചാരം നേടാൻ തുടങ്ങി. വിദ്യാർത്ഥികൾക്ക്
നേരിട്ട് ഭരണപ്രവർത്തങ്ങളിൽ ഇടപെടാനും വലിയ
കമ്പനികൾക്കുവേണ്ടി പ്രശ്നപരിഹാരങ്ങൾ നടത്താനുമുള്ള

അവസരങ്ങൾ ഹാക്കത്തോണുകൾ പ്രദാനം ചെയ്യുന്നു.
അതുകൊണ്ടുതന്നെ ഹാക്കത്തോണുകളെ പറ്റിയുള്ള
ബോധവൽക്കരണം നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലും
എത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക്
തങ്ങളുടെ കഴിവുപയോഗിച്ചു മുന്നേറാനുള്ള ഏറ്റവും മികച്ച
അവസരമാണ് ഹാക്കത്തോണുകൾ.

റീബൂട്ട് കേരള ഹാക്കത്തോൺ
കേരളത്തിലെ വിദ്യാർത്ഥികൾക്കുള്ള സുവർണാവസരം
ഹാക്കത്തോണുകളുടെ പ്രാധാന്യം കൂടുതൽ വിദ്യാർഥികളിലേക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കാനായി കേരള
സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പും ASAP ഉം ചേർന്ന്
റീബൂട്ട് കേരള ഹാക്കത്തോണിന് തുടക്കമിടുകയാണ്. ജനുവരിയിൽ
ആരംഭിക്കാനിരിക്കുന്ന ഈ ഹാക്കത്തോൺ പേര്
സൂചിപ്പിക്കുന്നപോലെ തന്നെ കേരള സർക്കാരിലെ വിവിധ
ഡിപ്പാർട്മെന്റുകൾ നേരിടുന്ന നാനാതരം സാങ്കേതികവും
അല്ലാത്തതുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനായി
തയ്യാറാക്കിയിരിക്കുന്നതാണ്. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു
കൊണ്ടുനടത്തുന്ന ഈ ഹാക്കത്തോൺ ഒരു തുടർപ്രക്രിയയായി
നടത്തുകയും കേരളത്തിലെ വിദ്യാർത്ഥികൾക്ക്
ഭരണനിർവ്വഹണത്തിൽ നേരിട്ട് പങ്കാളിത്തം നല്കാനുമാണ്
ലക്ഷ്യമിടുന്നത്.
വിവിധ വകുപ്പുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്രോബ്ലം
സ്റ്റേറ്റ്മെന്റുകൾ സമാഹരിച്ചു കുറഞ്ഞ സമയം കൊണ്ട്
ചിലവുകുറഞ്ഞ രീതിയിലുള്ള പരിഹാരങ്ങൾ വിദ്യാർത്ഥികളിൽ
നിന്ന് തന്നെ തേടുക എന്നതാണ് റീബൂട്ട് കേരള ഹാക്കത്തോണിന്റെ
പ്രധാന ഉദ്ദേശം. പ്രാപ്തരായ വിദ്യാർത്ഥികൾക്ക് സ്വയം പ്രോബ്ലം
സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്തു അത് പരിഹരിക്കാനുള്ള
ആശയങ്ങളും സാങ്കേതിക സംവിധാനങ്ങളും നിർമ്മിക്കാവുന്നതാണ്.
വിവിധ ഘട്ടങ്ങളായി നടത്തുന്ന വിലയിരുത്തിലൂടെ
തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് ആകർഷകമായ സമ്മാനവും
കൂടാതെ ഒട്ടനവധി അവസരങ്ങളും ലഭിക്കുന്നു. എന്തുകൊണ്ടും
വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച ഒരു അവസരമാണ് റീബൂട്ട്
കേരള ഹാക്കത്തോൺ.
നവംബർ 12 മുതൽ റീബൂട്ട് കേരള ഹാക്കത്തോൺ വെബ്സൈറ്റ്
മുഖേന ഇന്സ്ടിട്യൂഷനുകൾക്കും ടീമുകൾക്കും രജിസ്റ്റർ

ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ പൂർത്തിയായ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ടീമുകൾ രൂപീകരിച്ചു
ഹാക്കത്തോണിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം റീബൂട്ട്
കേരള ഹാക്കത്തോൺ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കുന്ന ടീമുകൾക്ക് നവംബർ 20 വരെ സൊല്യൂഷനുകൾ
സബ്‌മിറ്റ് ചെയ്യാവുന്നതാണ്. നിർദ്ദേശിക്കുന്ന ആശയങ്ങളിൽ നിന്നും
പ്രായോഗികത, സുതാര്യത, ചിലവ് തുടങ്ങിയവ
കണക്കിലെടുത്തായിരിക്കും പ്രാരംഭ ഹാക്കത്തോണിലേക്ക് ടീമുകളെ
തിരഞ്ഞെടുക്കുക. 2020 ജനുവരിയിൽ തുടങ്ങി കൂടി
അവസാനിക്കുന്ന പ്രഥമ സീസണിൽ ഗ്രാൻഡ് ഫിനാലെ ഉൾപ്പെടെ 11
ഹാക്കത്തോണുകൾ അരങ്ങേറും.
റീബൂട്ട് കേരള ഹാക്കത്തോൺ വെബ്സൈറ്റ്:
https://reboot.asapkerala.gov.in/