അതിഥി അദ്ധ്യാപകർക്കും ഇനി ശമ്പളം മാസാമാസം; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി
സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായി. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി ചെയ്യുന്നവർക്ക് സമയബന്ധിതമായി ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടൻ പുറത്തിറക്കും.
ഇനി മുതൽ എല്ലാ വർഷവും അധ്യാപകരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാൽ മതി. അത് ഡിസിഇ/ഡിഡി ഓഫീസുകൾ പരിശോധിച്ച് അംഗീകാരം നൽകിയാൽ പ്രത്യേക രജിസ്ട്രേഷൻ നൽകും. ഏതു ഡിഡി ഓഫീസ് പരിധിയിൽ വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകൾ പരിശോധിക്കും. ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാൽ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കണം. തുടർന്ന് വേഗത്തിൽ അംഗീകാരം നൽകി ശമ്പളം നൽകുമെന്ന് അറിയിച്ചു.
അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽഡ് സന്ദർശനങ്ങൾ, പരീക്ഷ, മൂല്യനിർണയ ജോലികൾ എന്നിവയിൽ പങ്കെടുക്കുന്ന അതിഥി അധ്യാപകർക്കും വേതനം നൽകും. അക്കാദമിക് പ്രവർത്തനങ്ങളോടൊപ്പം സെമിനാറുകളും കോൺഫറൻസുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളിൽ പങ്കെടുക്കാൻ അതിഥി അധ്യാപകർക്ക് ശമ്പളത്തോടുകൂടിയുള്ള ‘ഓൺ ഡ്യൂട്ടി’യും അനുവദിക്കുമെന്ന് അറിയിച്ചു. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറിൽ അദാലത്ത് നടത്തുമെന്നും പറഞ്ഞു.