ഭിന്നശേഷി-വയോജന-അനാഥ സ്ഥാപനങ്ങൾ എൻഎസ്എസ് ദത്തെടുക്കും
ഭിന്നശേഷിക്കാരും വയോജനങ്ങളും അനാഥരുമുൾപ്പെട്ടവരെ സംരക്ഷിക്കുന്ന വിശേഷാൽ സ്ഥാപനങ്ങളെ എൻഎസ്എസ് യൂണിറ്റുകൾ ദത്തെടുക്കും. ആയിരം ഭവനങ്ങൾ നിർമ്മിച്ചുനൽകുന്നതടക്കം ഈ വർഷം എൻഎസ്എസ് യൂണിറ്റുകൾവഴി നടപ്പാക്കാൻ പോകുന്ന ഇരുപത്തിയഞ്ചോളം പദ്ധതികളുടെയും ക്യാമ്പുകളുടെയും കാര്യത്തിലും ധാരണയായി.
തിരുവനന്തപുരത്ത് ചേർന്ന നാഷണൽ സർവീസ് സ്കീം സംസ്ഥാന ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 22 എൻഎസ്എസ് സെല്ലുകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രോഗ്രാം കോർഡിനേറ്റർമാരും വിവിധ വകുപ്പ് മേധാവികളും ഡയറക്ടർമാരും വൈസ് ചാൻസലർമാരും സംസ്ഥാന എൻഎസ്എസ് ഓഫീസറും പങ്കെടുത്ത യോഗമാണ് ഒരു വർഷത്തെ പരിപാടികൾ രൂപീകരിച്ചത്.
4000 ദത്തു ഗ്രാമങ്ങൾ, ഫ്രീഡം വാൾ നിർമ്മാണ പദ്ധതി, ലഹരിവിരുദ്ധ സേന, വി -കെയർ പദ്ധതിയിൽ പങ്കാളിയാകുന്ന പദ്ധതി, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പദ്ധതി, തൊഴിൽ പരിശീലനങ്ങളും തൊഴിൽ സംരംഭവും, പുസ്തകത്തണൽ, സംസ്ഥാന-ദേശീയ ക്യാമ്പുകൾ, പുനർജനി പദ്ധതി, സംസ്ഥാന എൻഎസ്എസ് കലോത്സവം, ആദിവാസി-പിന്നോക്ക മേഖലകളിൽ പ്രത്യേക ക്യാമ്പുകൾ, 4000 സപ്തദിന ക്യാമ്പുകൾ, അടുക്കളത്തോട്ടം, യൂണിറ്റ് തല കുടുംബസംഗമം, എൻഎസ്എസ് പൂർവവിദ്യാർത്ഥി കൂട്ടായ്മ, സംസ്കാരിക വിനിമയ ക്യാമ്പുകൾ, പിറന്നാൾദിന രക്തദാന ചലഞ്ച്, ക്ളീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്, വിവിധ ദേശീയ-അന്തർദേശീയ ദിനചാരണങ്ങൾ, സിവിൽ സർവീസ് കോച്ചിങ് ക്ലാസ്സുകൾ, കൗൺസലിങ് കേന്ദ്രങ്ങൾ, ജലസംരക്ഷണ പദ്ധതികൾ, പോസ്റ്റ് കോവിഡ് മെഡിക്കൽ ക്യാമ്പുകൾ എന്നിവയാണ് തീരുമാനിച്ചിരിക്കുന്നത്.