ആരോരുമില്ലാത്ത 25 പേർക്ക് തണലേകി
ആശ്രയമറ്റതും ബന്ധുക്കൾ ഉപേക്ഷിച്ചതുമായ 25 പേരെ സാമൂഹ്യനീതി വകുപ്പിന്റെ ക്ഷേമ സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി കഴിഞ്ഞുവന്ന മറ്റു ആശ്രയമൊന്നുമില്ലാത്ത 25 പേരെയാണ് ക്ഷേമ സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ വാർഡുകളിൽ നിന്നായി കിടപ്പുരോഗികളും ബന്ധുക്കളാൽ ഉപേക്ഷിച്ചവരുമായ 10 പേരെയും ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ നിന്ന് 15 വൃദ്ധജനങ്ങളെയുമാണ് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ചത്.
ഇവരെ പത്തനാപുരം ഗാന്ധിഭവൻ മേഴ്സി ഹോമിലേക്ക് മാറ്റി. ചികിത്സയും മറ്റും ആവശ്യമുണ്ടെങ്കിൽ ലഭ്യമാക്കുന്നതിന് കൂടിയാണ് മേഴ്സി ഹോമിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നവരെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി പാർപ്പിക്കും.
മാനസികരോഗം ഭേദമായിട്ടും ഏറ്റെടുക്കാനാളില്ലാത്ത നാലു പേരെ നാളെ മെഡിക്കൽ കോളേജിൽ നിന്നും നാലാഞ്ചിറ സ്നേഹവീട്ടിലേയ്ക്ക് പുനരധിവസിപ്പിക്കുന്നതിനും ഓർഫനേജ് കൺട്രോൾ ബോർഡ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടവരെയും ആരോരുമില്ലാത്തവരെയും കൂടുതൽ ജാഗ്രതയോടെ, മാറ്റിപ്പാർപ്പിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതാണെന്നും
സ്വത്തുക്കൾ തട്ടിയെടുത്ത് ബന്ധുക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കും.