Take a Break ‌ Road Rest House opens in Alur

ആളൂരില്‍ ടേക്ക് എ ബ്രേക്ക് വഴിയിടം വിശ്രമകേന്ദ്രം തുറന്നു. സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു

പൊതുശൗചാലയത്തിന്റെയും വഴിയോര വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുജനങ്ങളുടെ സഹകരണത്തോടെ വഴിയോര വിശ്രമകേന്ദ്രം നല്ല രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ട് ഇന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആളൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വെള്ളാഞ്ചിറക്കുളത്തിനോട് ചേര്‍ന്ന് വഴിയിടം വിശ്രമകേന്ദ്രം തുറന്നിട്ടുള്ളത്. കോസ്റ്റ് ഫോര്‍ഡാണ് പൊതുശുചിമുറി സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ശുചിമുറികള്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. സ്ത്രീ സൗഹൃദ, ഭിന്നശേഷി സൗഹൃദമായിട്ടാണ് ശുചിമുറികള്‍ നിര്‍മിച്ചിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല ഷഗീര്‍, ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ധിപിന്‍ പാപ്പച്ചന്‍, ഷൈനി തിലകന്‍, എം എസ് വിനയന്‍, പഞ്ചായത്ത് സെക്രട്ടറി പി എസ് ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.