Rs. 25,000 each was allocated to 140 people this financial year

ആശ്വാസം’ സ്വയംതൊഴിൽ സംരംഭ സഹായപദ്ധതിയിൽ ഈ സാമ്പത്തിക വർഷം 140 പേർക്ക് 25,000 രൂപ വീതം അനുവദിച്ചു

സ്വയംതൊഴിൽ വായ്പക്ക് ഈടുവെയ്ക്കാൻ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്കുള്ള ‘ആശ്വാസം’ സ്വയംതൊഴിൽ സംരംഭ സഹായപദ്ധതിയിൽ ഈ സാമ്പത്തിക വർഷം നൂറ്റിനാല്പതു പേർക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായി. മുപ്പത്തഞ്ചു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. തുക ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രഷറികളിൽ നിന്നും ട്രാൻസ്ഫർ ചെയ്യും. ഈ സാമ്പത്തിക വർഷം അപേക്ഷ നൽകിയ അർഹരായ മുഴുവൻ പേർക്കും തുക അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവൽകൃത ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന്റെ കരുതലാണ് ധനസഹായമെന്നും മന്ത്രി പറഞ്ഞു.

നാൽപ്പതു ശതമാനത്തിനു മുകളിൽ ഭിന്നശേഷിത്വവും ഒരു ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനവുമുള്ള ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡിയോടെ നാമമാത്ര പലിശനിരക്കിൽ ഒരു ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതി സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ നടപ്പാക്കി വരുന്നുണ്ട്. ഇതിനായി ഭൂമിയോ മറ്റു വസ്തുക്കളോ ഈടു വെയ്ക്കണം. ഈടുവെയ്ക്കാൻ മാർഗ്ഗമില്ലാത്ത ഭിന്നശേഷിക്കാർക്ക് സൂക്ഷ്മ/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാനാണ് സംസ്ഥാന സർക്കാർ ആശ്വാസം പദ്ധതി ആരംഭിച്ചത്.