Republic of India
വിദ്യാഭ്യാസത്തെയും സാമൂഹ്യനീതിയെയും കുറിച്ചുള്ള മൗലികമായ ധാരണകൾക്കു മേൽ കെട്ടിപ്പടുത്തതാണ് ഇന്ത്യാ റിപ്പബ്ലിക്ക്.
ജീവിതായോധനത്തിന് തൊഴിൽനേടാനുള്ള പരിശീലനം അവിഭാജ്യഭാഗമാകുമ്പോഴും, പ്രപഞ്ചത്തിന്റെ ബഹുസ്വരമായ പ്രകൃതത്തെ അറിഞ്ഞംഗീകരിക്കാൻ ഉൾബലം നൽകുന്ന ധാർമ്മികക്കരുത്തിനു വേണ്ടിക്കൂടിയുള്ള വിദ്യാഭ്യാസത്തെ ഇന്ത്യാ റിപ്പബ്ലിക്ക് വിഭാവനം ചെയ്യുന്നു.
അറിവുകൊണ്ട് ശക്തരും സ്വയംപര്യാപ്തരും സ്വതന്ത്രരുമാകാനുള്ള ഓരോ വ്യക്തിയുടെയും അവകാശം ഉയർത്തിപ്പിടിക്കുമ്പോഴും, സഹാനുഭൂതി കൊണ്ടേ അതിനു തികവ് കിട്ടൂ എന്ന സാമൂഹ്യനീതി സങ്കല്പം ഇന്ത്യാ റിപ്പബ്ലിക്ക് ആത്മാവായി മുറുകെപ്പിടിക്കുന്നു.
അവനവന്റെയും അപരന്റെയും ക്ഷേമം ഒന്നാണെന്ന ഓർമ്മ മായാത്ത, വിദ്യയും നീതിയും ഒരുമയോടെ സമ്മേളിക്കുന്ന, റിപ്പബ്ലിക്കായി നമുക്ക് തുടരണം. നമുക്കതിനു പരസ്പരം ആശംസിക്കാം.
പരമാധികാര-മതനിരപേക്ഷ-ജനാധിപ ത്യ-സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന ഇന്ത്യൻ ജനതയുടെ മഹത്തായ സ്വപ്നം നീണാൾ വാഴട്ടെ!