62 Crore 74 Lakh technical approval for construction of Iringalakuda Court Complex/Second Phase

ഇരിങ്ങാലക്കുട കോടതി സമുച്ചയം/ രണ്ടാംഘട്ട നിർമ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിർമ്മാണത്തിന് 62 കോടി74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു. രണ്ടാംഘട്ട നിർമ്മാണത്തിനായി 64 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ബാക്കി ഒന്നേകാൽ കോടി രൂപ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്ന സമയത്ത് ഫർണിച്ചറുകൾ വാങ്ങുന്നതിനായി ഉപയോഗപ്പെടുത്തും. പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയർ സാങ്കേതികാനുമതി നൽകിയതിനെ തുടർന്ന് ടെൻഡറിംഗിനുള്ള നടപടികൾ നീതിന്യായ കെട്ടിടവിഭാഗം എറണാകുളം സെക്ഷനിൽ പുരോഗമിക്കുകയാണ്.

1,68,555 ചതുരശ്ര അടിയിൽ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകൾക്ക് പാർക്ക്‌ ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം ഒരുങ്ങുന്നത്. ജഡ്ജിമാർക്കുള്ള പ്രത്യേക പാർക്കിംഗ്‌ സൗകര്യം, 2450 ചതുരശ്ര അടി വിസ്താരത്തിൽ റെക്കോർഡ്‌ റൂം, തൊണ്ടി റൂമുകൾ, ഇലക്ട്രിക്‌ സബ് സ്റ്റേഷൻ, ബാർ കൗൺസിൽ റൂം, ലേഡി അഡ്വക്കേറ്റുമാർക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട്‌ ചേർന്ന് ലൈബ്രറി, കറന്റ് റെക്കോർഡ്സ്‌ സൗകര്യങ്ങൾ, അഡിഷണൽ സബ്‌കോടതി, പ്രിൻസിപ്പൽ സബ്‌കോടതി, ജഡ്ജസ്‌ ചേംബർ, പബ്ലിക് പ്രോസിക്യൂട്ടർ, ഗവണ്മെന്റ് പ്ലീഡർ ഓഫീസ് അനുബന്ധസൗകര്യങ്ങൾ, കുടുംബ കോടതി, കൗൺസലിംഗ് വിഭാഗം, തുടങ്ങി നിരവധി സൗകര്യങ്ങളോടെയാണ് സമുച്ചയമുയരുന്നത്.

ആറു നിലകളുടെ സ്ട്രക്ച്ചർ ജോലികളാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയത്. ഏഴാം നിലയുടെ നിർമ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കൽ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂർത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികളും ഉണ്ടായിരിക്കും. ടെൻഡറിംഗ് നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. “ഹൈക്കോടതി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇരിങ്ങാലക്കുട കോടതി.