ഇരിങ്ങാലക്കുട ഞാറ്റുവേല സമാപിച്ചു
ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല മഹോത്സവം 2025 ന്റെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. കാർഷിക തനിമയുള്ള ഇരിങ്ങാലക്കുടയുടെ സംസ്കാരങ്ങൾ പുതുതലമുറയ്ക്ക് കൈമാറ്റം ചെയ്യുക എന്നത് ഈ കാലഘട്ടത്തിൽ വളരെ വലിയ ചുമതലയാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കാർഷിക ജനതയുടെ അധ്വാനവുമായി ബന്ധപ്പെട്ടാണ് നമ്മുടെ കലാരൂപങ്ങളെല്ലാം രൂപപ്പെട്ട് വന്നിട്ടുള്ളത്. അതുകൊണ്ട് കാർഷിക വൃദ്ധി നമ്മുടെ സമൂഹത്തിലും സംസ്കാരത്തിലും എത്ര ബന്ധമാണ് ചെലുത്തിയതെന്ന് യുവ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള നല്ല അവസരമാണ് ഞാറ്റുവേലയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായാണ് ഇരിങ്ങാലക്കുട നഗരസഭ ജൂൺ 27 മുതൽ ജൂലായ് 6 വരെയായി മുനിസിപ്പൽ മൈതാനിയിൽ ഞാറ്റുവേല മഹോത്സവം -2025 സംഘടിപ്പിച്ചത്.