ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽപേർ കടന്നുവരാനും, പഠനത്തിനനുസരിച്ച് ജോലിസാദ്ധ്യത വർധിപ്പിക്കാനും ഉള്ള പദ്ധതികളിലാണ് എൽഡിഎഫ് സർക്കാർ. ഇവയ്ക്ക് പ്രവർത്തനരൂപം നൽകാൻ, സംസ്ഥാനത്തിന്റെ ജ്ഞാനസമ്പദ്‌വ്യവസ്ഥയ്ക്ക് അടിത്തറയിടുന്ന കർമ്മപരിപാടി തയ്യാറാക്കാൻ ഒരു കൂട്ടം വിദ്യാഭ്യാസവിചക്ഷണർ ഒരുമിച്ച് ഇരിക്കുകയാണ് അടുത്തയാഴ്ച. സെപ്റ്റംബർ 28, 29 തിയ്യതികളിൽ തിരുവനന്തപുരം ഐഎംജിയിൽ.
ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാലയെന്നാണ് സംഗമത്തിന്റെ ശീർഷകം. ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിന്നുള്ള വിദ്യാഭ്യാസവിചക്ഷണർ പങ്കെടുക്കും. ഗുണത്തിലും നിലവാരത്തിലും ഉന്നതവിദ്യാഭ്യാസമേഖലയുടെ വൻ കുതിപ്പിനുള്ള നിർദ്ദേശസമാഹരണമാണ് ശില്പശാലയിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
പാഠ്യപദ്ധതി പരിഷ്കരണം, പശ്ചാത്തലസൗകര്യവികസനം, വിദ്യാഭ്യാസ ആസൂത്രണം എന്നിവ ഒരുമിച്ച് മുന്നേറുകയും, അങ്ങനെ ഉന്നതവിദ്യാഭ്യാസരംഗം സാമൂഹ്യനീതിയ്ക്കും വികസനത്തിനും അടിത്തറയൊരുക്കുകയും ചെയ്യണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. പ്രാപ്യതയിലും തുല്യതയിലും കുറവുവരുത്താതെ ഉന്നതവിദ്യാരംഗത്ത് ഗുണവർദ്ധന ഉണ്ടാകണം. അതാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്ന ചുമതല. അതിലേക്കുള്ള പ്രധാന ചവിട്ടുപടിനിർദ്ദേശങ്ങൾ – അതാണ് ശില്പശാലയിൽനിന്നും പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ വളരെ തെളിച്ചമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്. ശില്പശാലയുടെ ഉദ്ഘാടകനായി മുഖ്യമന്ത്രി എത്തുകയും ചെയ്യും.
ആറ് മേഖലകൾ തിരിച്ചുള്ള വിദഗ്ധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചകളാണ് ശില്പശാലയിൽ നടക്കുക. വിദ്യാഭ്യാസ ഉള്ളടക്കത്തിന്റെയും വിതരണത്തിലെയും ഗുണവർദ്ധന, ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തികസഹായം, നിയമചട്ടക്കൂടുകളുടെ പുനർനിർവ്വചനം, ഉന്നതവിദ്യാഭ്യാസത്തിന്റെ ഫലം മെച്ചപ്പെടുത്തൽ, അക്കാദമിക സഹകരണവും വ്യവസായപങ്കാളിത്തവും, സ്ഥാപനങ്ങളുടെ ശാക്തീകരണം എന്നിവയാണ് ഈ ആറു മേഖലകൾ. രണ്ടുദിവസം തുടർച്ചയായി ചർച്ചകളും, തുടർന്ന് അവയുടെ ക്രോഡീകരണവും നടക്കും.
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസമേഖലയിൽ വരാൻപോകുന്ന മാറ്റങ്ങളുടെ കേളികൊട്ടാവും ശില്പശാലയെന്ന് ഉറപ്പായും കരുതാം. അതിൽ ഉരുത്തിരിയുന്ന കർമ്മപദ്ധതിക്കായി കാത്തിരിക്കുകയാണ്.