എം ജി സർവ്വകലാശാലയ്ക്ക് യു ആർട്ടിക് അംഗത്വം
മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക് (യുആർട്ടിക്) അംഗത്വം ലഭിച്ചു. ധ്രുവമേഖലകളിൽ പഠനഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും രാജ്യാന്തര കൂട്ടായ്മയാണ് യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക് (യുആർട്ടിക്).
നോർവേയിലെ ബോഡോയിൽ നടന്ന വാർഷിക സമ്മേളനമാണ് സർവ്വകലാശാലയിലെ ഇന്റർനാഷണൽ സെന്റ്‌റർ ഫോർ പോളാർ സ്റ്റഡീസിന് (ഐസിപിഎസ്) അംഗത്യം നൽകാൻ തീരുമാനിച്ചത്. ധ്രുവമേഖല കേന്ദ്രീകരിച്ച് ഐസിപിഎസ് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ രാജ്യാന്തര സഹകരണം വിപുലീകരിക്കാൻ ഈ അംഗത്വം പ്രയോജനപ്പെടും. ധ്രുവമേഖലയിൽ നിന്ന് അഞ്ചും ധ്രുവമേഖലയ്ക്ക് പു റത്തുനിന്ന് പതിനൊന്നും അംഗങ്ങളെയാണ് യു ആർട്ടിക്കിൽ പുതിയതായി ഉൾപ്പെടുത്തിയത്.
യുകെയിലെ ലിവർപൂൾ, സ്റ്റിർലിങ്, വെസ്റ്റ്മിൻസ്റ്റർ, ഹൾ സർവ്വകലാശാലകൾക്കും റോയൽ കോളേജ് ഓഫ് ആർട്ടിനുമൊപ്പം നോൺ ആർട്ടിക് പട്ടികയിലാണ് ഐസിപിഎസ് ഇടം പിടിച്ചത്. ചെന്നൈയിലെ ഇന്ത്യൻ മാരി ടൈം യൂണിവേഴ്സിറ്റി ഉൾപ്പെടെ നാല് ഇന്ത്യൻ സർവ്വകലാശാലകൾക്കു മാത്രമാണ് യുആർട്ടിക്കിൽ നിലവിൽ അംഗത്വമുള്ളത്. എംജി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ്, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്‌സ്റ്റൻഷൻ എന്നിവയുടെ സംയുക്ത കേന്ദ്രമായി 2022-ലാണ് ഐസിപിഎസ് പ്രവർത്തനമാരംഭിച്ചത്. ധ്രുവമേഖലകളിലെ ശാസ്ത്ര, സാമൂഹ്യശാസ്ത്ര പഠനങ്ങളിൽ ഈ കേന്ദ്രം സജീവമാണ്.