All government offices should be converted into amicable divisiveness

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെല്ലാം ഭിന്നശേഷി സൗഹാർദപരമാക്കണം.

നമ്മുടെ സമൂഹത്തിൽ ബഹുഭൂരിപക്ഷം വരുന്ന ഭിന്ന ശേഷിക്കാരും അരിക്‌വൽകൃത ജീവിതം നയിക്കുന്നവരാണ്. അവരെ കൂടി സ്വയം പര്യാപ്തവും, സ്വച്ഛന്ദവും, സ്വതന്ത്രവും ആത്മവിശ്വാസം നിറഞ്ഞതുമായ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയാൽ മാത്രമേ ഒരു ജനാധിപത്യ സംവിധാനം പൂർണമാകു. ഈ ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമം 2016 രൂപീകൃതമായിട്ടുളളത്. കേരളത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ കെട്ടിടങ്ങളും പൊതുഇടങ്ങളും ഭിന്ന ശേഷി സൗഹ്യദമായി മാറ്റുന്നതോടൊപ്പം പൊതു സമൂഹത്തിന് ഭിന്ന ശേഷിക്കാരോടുള്ള സമീപനത്തിലും മാറ്റം വരണം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഭിന്ന ശേഷിക്കാരോട് അനുകമ്പാപൂർവവും, മനുഷ്യത്വപരവുമായ സമീപനത്തോടു കൂടി പെരുമാറാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. ഭരണസിരാ കേന്ദ്രങ്ങളും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, കലാലയങ്ങളും വിദ്യാലയങ്ങും തുടങ്ങി എല്ലാ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും ലിഫ്റ്റും, റാമ്പും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം.

ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ, വിദ്യാഭ്യാസം, സേവനങ്ങൾ, തുടങ്ങി അവർക്കു വേണ്ട എല്ലാവിധ പരിരക്ഷയും ഉറപ്പു വരുത്തി ഔദാര്യാധിഷ്ഠിത കാഴ്ച്ചപാടിൽ നിന്നും അവകാശാധിഷ്ഠിതമായ കാഴ്ച്ചപ്പാടിലേക്ക് മാറി സേവനങ്ങൾ നൽകുവാൻ നാം ബാധ്യസ്ഥരാണ്. ഭിന്നശേഷിക്കാർക്ക് അതിക്രമങ്ങളിൽ നിന്നും വിമുക്തമായ ജീവിതം നൽകണം. അവർക്ക് സ്വകാര്യതയ്ക്കുള്ള അവകാശം ലഭ്യമാക്കണം. തനതായ കുടുംബം, ജീവിതം ഇവയെല്ലാം ഒരുക്കി നൽകണം. ആരോഗ്യ സംരക്ഷണം നൽകണം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ എത്തിക്കാനായി പൊതു സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരണം. സർക്കാർ വകുപ്പുകളിൽ ഇവർക്കായി കണ്ടെത്തിയിട്ടുള്ള തസ്തികകളിൽ നിയമനം നൽകണം.
ഭിന്ന ശേഷിക്കാരെ മുന്നോട്ടു കൊണ്ടുവരാൻ പഞ്ചായത്ത് തലത്തിൽ ഒരു ബഡ് സ്‌കൂൾ വീതം വരണം. മനുഷ്യർ വ്യാപരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും സർഗശേഷിയോടെ കടന്നുചെല്ലേണ്ടവരാണ് ഭിന്നശേഷിക്കാർ. ഇവരെ മുന്നോട്ടു കൊണ്ടു വരുന്നതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. ഭിന്നശേഷി നിയമം 2016 ന്റെ തീക്ഷ്ണതയും തീവ്രതയും മനസിലാക്കി സുതാര്യവും വിട്ടുവീഴ്ചപരവുമായ മനോഭാവത്തോടെ പെരുമാറാൻ ജില്ലാ ഭരണകൂടങ്ങൾ ശ്രദ്ധിക്കണം.

 2016ലെ ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ശരിയായ അവബോധം നൽകുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നീതിയും സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം. സർക്കാർ ജീവനക്കാർക്ക് ഈ നിയമത്തിലുള്ള അവബോധം സൃഷ്ടിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുന്നതിന് ഏറെ സഹായകമാകും.