എൻജിനീയറിങ് തൊഴിൽമേഖലയിൽ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ കലാലയങ്ങളിൽ ‘ഷി’ പദ്ധതി
എൻജിനീയറിങ് തൊഴിൽമേഖലയിൽ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലും എൻജിനീയറിങ് കോളേജുകളിലും നടപ്പാക്കുന്ന പദ്ധതിയാണ് ‘ഷി’ (സ്‌കീം ഫോർ ഹെർ എംപവർമെന്റ്) . എഞ്ചിനീയറിങ്ങ് തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന, സംതൃപ്ത വ്യക്തിത്വമുള്ള വനിതാ എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ 2019ൽ പദ്ധതി ആരംഭിച്ചിരുന്നു. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ, യുകെ-ഇന്ത്യ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തിൽ നിർദേശിക്കുന്ന ചേഞ്ച് മാനേജ്മന്റ് പരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക, സാങ്കേതിക മേഖലയിലെ വെല്ലുവിളികൾ ഏറ്റെടുക്കാനും നേതൃപാടവം ആർജിക്കാനും പ്രാപ്തരാക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഒമ്പത് ഗവ. എഞ്ചിനീയറിംഗ് കോളജുകളിലേക്കും 51 ഗവ. പോളിടെക്നിക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിലൂടെ മിടുക്കരായ വനിതാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മ രൂപീകരിച്ചാണ് ഷീയുടെ തുടർ പ്രവർത്തനങ്ങൾ നടത്തുക. ഉന്നത സാങ്കേതികവിദ്യാ പഠനരംഗത്ത് കാണുന്ന മികച്ച വനിതാ പ്രാതിനിധ്യം വിവിധ സാങ്കേതികതൊഴിൽ മേഖലകളിൽ കൂടി കൊണ്ടുവരാനാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത് . നിലവിൽ എൻജിനീയറിങ്ങിന് പഠിക്കുന്നവർ, എൻജിനീയറിങ് പഠനരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ, പഠനം പൂർത്തിയാക്കി വിവിധ എൻജിനീയറിങ് മേഖലകളിൽ പ്രവർത്തിക്കുന്നവർ, എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലെ വനിതകളെ ശാക്തീകരിക്കാനാണ് പദ്ധതി.
എൻറോൾമെൻറ് കണക്കുകളിൽ സാങ്കേതികവിദ്യാപഠനരംഗത്തെ കേരളത്തിലെ സ്ത്രീസാന്നിധ്യം മികച്ചതും ദേശീയശരാശരിയേക്കാൾ വളരെ ഉയർന്നതുമാണ്. എന്നാൽ എൻജിനീയറിങ് നൈപുണ്യം ആവശ്യമായ തൊഴിൽമേഖലകളിൽ ഈ പ്രാതിനിധ്യം പ്രതിഫലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഷീ പദ്ധതി രൂപമെടുത്തത്. സാങ്കേതികവിദ്യാ വളർച്ചക്ക് അനുസരിച്ച് നേതൃപരമായ സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ എത്തിപ്പെടണമെന്ന കാഴ്ചപ്പാടിലാണ് പദ്ധതി ആരംഭിച്ചത്.
പരിശീലന പരിപാടികൾ, വിദഗ്ധരുമായുള്ള സംവാദങ്ങൾ, മാർഗ്ഗദർശകരുടെ സഹായത്തോടെയുള്ള നേതൃപാടവ വികസനപ്രവർത്തനങ്ങൾ, പ്രൊഫഷണൽ അനുഭവങ്ങൾ പങ്കുവെക്കുന്നതിനുള്ള വ്യക്തിത്വ വികസന സെഷനുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഇവയിലൂടെ സ്ത്രീശാക്തീകരണത്തിന് ആവശ്യമായ ജൈവികമായ അന്തരീക്ഷം ഉണ്ടാക്കാനും തൊഴിലവസരങ്ങളെക്കുറിച്ചും നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും അവബോധം വർധിപ്പിക്കാനും തൊഴിൽരംഗത്ത് ഉയർന്നുവരുന്ന വെല്ലുവിളികളെ ഏറ്റെടുക്കുവാൻ വനിതാ എൻജിനീയർമാരെ പ്രാപ്തരാക്കാനും പദ്ധതികൊണ്ട് സാധിക്കും.