My Kerala Exhibition and Marketing Fair concludes

എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
➖➖➖➖➖➖
കേരളത്തിൻ്റെ വികസനത്തിനായ് കൈകോർത്ത് മുന്നേറാമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശനമേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാസാരിക്കുയായിരുന്നു മന്ത്രി.

സാമൂഹ്യനീതിയിലധിഷ്ഠിതമായ സമഗ്ര വികസനം എന്ന നയത്തിൽ നിന്ന് കൊണ്ട് എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്, എല്ലാവർക്കും വിദ്യാഭ്യാസം എല്ലാവർക്കും ആരോഗ്യവും, എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും അടിസ്ഥാന ജീവിത സൗകര്യങ്ങൾ, എന്ന ആശയത്തിൽ സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും ഈ സർക്കാരിൻ്റെ കാലയളവിൽ സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമായെന്ന് മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതി വഴി നാല് ലക്ഷത്തി അമ്പത്തിരണ്ടായിരത്തോളം വീടുകൾ നിർമിച്ച് നൽകി. ബാക്കി വീടുകളുടെ നിർമാണം പുരോഗമിച്ച് വരികയാണ്. അഞ്ച് ലക്ഷത്തിൽ പരം കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും. നാല് ലക്ഷം പേർക്ക് പട്ടയം വിതരണം ചെയ്തു. വിദ്യാദ്യാസ മേഖലയിലും പൊതുജനാരോഗ്യ മേഖലയിലും അന്തർദേശീയ നിലവാരത്തിലുള്ള സേവനം പൊതുജനങ്ങൾക്കായി കൊടുക്കാൻ കഴിഞ്ഞത് കേരളത്തിൻ്റെ മാത്രം നേട്ടമാണ്.

വിജ്ഞാന കേരളം പദ്ധതിയിലൂടെ അന്തർദേശീയ- ദേശീയ മേഖലയിൽ 7.5 ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകി. 20 ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞത് നടപ്പിലാക്കും. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം ഈ കാലയളവിൽ മാറി.

പൊതുമരാമത്ത് വകുപ്പിന് കീഴിൽ മികച്ച റോഡുകൾ, മലയോര- തീരദേശ ഹൈവേ, ഫ്ലൈ ഓവറുകൾ, കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിരവധി വികസന പ്രവർത്തനങ്ങൾ, വാട്ടർ മെട്രോ, രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാല, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങി നിരവധി പുത്തൻ നേട്ടങ്ങളുടെ പട്ടിക ഉയർത്തി കാണിക്കാൻ സർക്കാരിന് സാധിച്ചു. നാഷ്ണൽ ഹൈവേയുടെ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട് നിർമാണം വേഗത്തിലാക്കാനാണ് സർക്കാർ എന്നും നിലകൊണ്ടിട്ടുള്ളത്. വികസനത്തിലൂന്നിയ സർക്കാരിൻ്റെ ഈ മുന്നേറ്റം സജീവമായി തുടരുക തന്നെ ചെയ്യുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു കൂട്ടിച്ചേർത്തു.

റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രദർശന മേള വികസനത്തിൻ്റെ കേരള മോഡൽ ലോകത്തിന് മുന്നിൽ അവ തരിപ്പിക്കുന്നതിനുള്ള വേദിയായെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള കെട്ടുകാഴ്ച്ചകളില്ലാതെ സർക്കാരിൻ്റെയും മന്ത്രിമാരുടേയും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിനുള്ള വേദിയായി മേള മാറിയെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.

തൃശൂരിൻ്റെ പൈതൃകവും ചരിത്രവും ഉറങ്ങുന്ന തേക്കിൻകാട് മൈതാനിയിൽ ഏഴ് ദിനങ്ങളിലായി നടത്തിയ എന്റെ കേരളം പ്രദർശന വിപണനമേള കാണാൻ നിരവധി പേരാണ് എത്തിയത്.

കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാറിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേള നവ്യാനുഭവമായി. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിച്ചത്. എൽ ഇ ഡി വാളുകളിലെ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും മേളയുടെ മാറ്റ് കൂട്ടി. വിവിധ സർക്കാർ വകുപ്പുകളുടെ 151 തീം സ്റ്റാളുകളും 38 കൊമേഴ്ഷ്യൽ സ്റ്റാളുകളുകളും ഉൾപ്പെടെ 189 സ്റ്റാളുകളാണ് മേളയുടടെ ഭാഗമായി ഉണ്ടായിരുന്നത് 2325 ച. അടിയിൽ പി.ആർ.ഡിയുടെ എന്റെ കേരളം ഒന്നാമത് ചിത്രീകരണം, 360 ഡിഗ്രി സെൽഫി കോർണർ, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങൾ പുനരാവിഷ്‌കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദർശനം, വെഡിങ്ങ് ഡെസ്റ്റിനേഷൻ വർക്കിംഗ് മോഡൽ, കാരവൻ ടൂറിസം, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദർശന പവലിയൻ, ഐ.ടി വകുപ്പിന്റെയും സ്റ്റാർട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോർട്സ് സോൺ, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകൾ, മിനി തിയേറ്റർ എല്ലാം ശീതീകരിച്ച പന്തലിനകത്ത് സജ്ജമാക്കിയിരുന്നു. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തമായ സെമിനാറുകളും ബോധവത്ക്കരണ പരിപാടികളും വൈകീട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടന്നു.