എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വരുമാനം വർദ്ധിപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ ഐ.ബി.സതീഷ് എം.എൽ.എ ഉന്നയിച്ച സബ്മിഷന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദുവിന്റെ മറുപടി.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കീഴിൽ തിരുവനന്തപുരം എൽ.ബി.എസ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ, കാസർകോട് എൽ.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ എഞ്ചിനീയറിംഗ് കോളേജുകളും മലപ്പുറം പരപ്പനങ്ങാടിയിൽ ഒരു മോഡൽ ഡിഗ്രി കോളേജും 5 റീജിയണൽ സെന്ററുകളും, 18 സബ് സെന്ററുകളും, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായും മേഖലയിലെ ഗവേഷണത്തിനുമായി സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ് (CeDS) എന്ന സ്ഥാപനവും പ്രവർത്തിക്കുന്നു.
വിവിധ ഐ.ടി കോഴ്സുകൾ, സിവിൽ കൺസൾട്ടൻസി, ഐ.ടി കൺസൾട്ടൻസി, എഞ്ചിനീയറിംഗ് രംഗത്തെ ഗവേഷണം, വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ്, വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയും അലോട്ട്മെന്റും, എന്നിവയാണ് സെന്ററിന്റെ മുഖ്യ പ്രവർത്തനമേഖല. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾ, Msc MLT, Msc Speech Language Pathology, ഡിപ്ലോമ ഫാർമസി, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ, ആയുർവേദ കോളേജ് ഫാർമസി കോഴ്‌സുകൾ, ഹോമിയോ ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങി 15 ഓളം കോഴ്സുകളുടെ അലോട്ട്മെന്റ് എൽ.ബി.എസ് വഴിയാണ് നടത്തി വരുന്നത്.
കൂടാതെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ എം.സി.എ. പ്രവേശന പരീക്ഷയുടെ അലോട്ട്മെന്റ് എൽ.ബി.എസ്. സെന്റർ നടത്തിവരുന്നു. ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സ്, BdeS, BHMCTഎന്നീ കോഴ്സുകളുടെ അലോട്ട്മെന്റ് 2022-23 അദ്ധ്യായന വർഷം മുതൽ എൽ.ബി.എസ് ഏറ്റെടുത്തിട്ടുണ്ട്.
എൽ.ബി.എസ്. സെന്ററിന് രണ്ട് എഞ്ചിനീയറിംഗ് കോളേജുകളും ഒരു മോഡൽ ഡിഗ്രി കോളേജും നടത്തുന്നത് വഴി സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. പൂജപ്പുര എൽ.ബി.എസ് വനിത എഞ്ചിനീയറിംഗ് കോളേജ് പ്രതിവർഷം 4 കോടി രൂപയുടെ ബാധ്യതയും കാസർകോഡ് എഞ്ചിനീയറിംഗ് കോളേജ് 4 കോടി രൂപയുടെ ബാധ്യതയും മോഡൽ ഡിഗ്രി കോളേജ് 35 ലക്ഷം രൂപയുടെ ബാധ്യതയും വരുത്തുന്നുണ്ട്. രണ്ട് എഞ്ചിനീയറിംഗ് കോളേജജുകളും കൺസൾട്ടൻസി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നുണ്ടെങ്കിലും വരുമാനനഷ്ടം നികത്താനാവുന്നില്ല.
ഹൈക്കോടതി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ്, സെറ്റ് പരീക്ഷ, വിവിധ കോഴ്‌സുകളിലേയ്ക്കുള്ള അലോട്ട്മെന്റ്, സിവിൽ, ഐ.ടി കൺസൾട്ടൻസി എന്നിവ വഴിയുള്ള വരുമാനത്തിന്റെ ഒരുഭാഗം എഞ്ചിനീയറിംഗ് കോളേജുകളുടെ നടത്തിപ്പിനായി ഉപയോഗിക്കേണ്ടിവരുന്നു.
ഈ പ്രതിസന്ധി മുന്നിൽക്കണ്ട് എൽ.ബി.എസ്. സെന്റർ 40-ൽ പ്പരം അതിനൂതനമായ പുതിയ കോഴ്‌സുകൾക്ക് രൂപം നൽകിയിട്ടുണ്ട്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങി ആധുനിക സാങ്കേതികവിദ്യയിലധിഷ് ഠിതമായ കോഴ്‌സുകളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വരുമാനവർദ്ധനവിനായി ഈ നൂതന കോഴ്സുകൾ കൂടുതലായി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എൽ.ബി.എസ്. ഫ്രാഞ്ചൈസി എന്ന പദ്ധതി നടപ്പിലാക്കുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലാണ്. കൂടാതെ പൂജപ്പുര വനിത എഞ്ചിനീയറിംഗ് കോളേജിൽ ഒരു മോട്ടോർ വെഹിക്കിൾ സേവനാധിഷ്ഠിത കേന്ദ്രവും കാസർഗോഡ് എഞ്ചിനീയറിംഗ് കോളേജിൽ അരക്കനട്ട് പ്ലേറ്റ് മേക്കിംഗ് യൂണിറ്റും ആരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
പൂജപ്പുര വനിത എഞ്ചിനീയറിംഗ് കോളേജിൽ കിഫ്ബി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കണ്ടസൾട്ടൻസി ജോലികൾ ഏറ്റെടുത്ത് നല്ല രീതിയിൽ നടത്തിവരുന്നു. കൂടാതെ R&Ee Forum (റിസർച്ച് ആന്റ് എഡ്യൂക്കേഷണൽ എൻഹാൻസ്‌മെന്റ്) വഴി അവധികാല കോഴ്സുകൾ, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എന്നീ കോഴ്‌സുകളും നടത്തിവരുമാനമുണ്ടാക്കുന്നുണ്ട്. എൽ.ബി.എസ്. സെന്ററിന്റെ സമഗ്രവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പുവരുത്തുന്ന രീതിയിൽ നവീകരണപദ്ധതികൾ ആവിഷ്കരിക്കുന്ന വിഷയം പരിശോധിക്കുന്നതാണ്.