വയോജനതയ്ക്ക് നൽകേണ്ട സാമൂഹികപരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യൽ ഈ സർക്കാരിന്റെ ഏറ്റവുമാദ്യത്തെ പരിഗണനകളിൽ ഒന്നായിരുന്നു. അതിനാവശ്യമായ കാലോചിതമായ നയങ്ങളും സംവിധാനങ്ങളും  രൂപപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് സാമൂഹ്യനീതി വകുപ്പിന്റെ ചുമതലക്കാരിയെന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങിയത്. സമൂഹത്തിലെ നിത്യവും പരിഗണന നല്‍കേണ്ട വയോജനങ്ങള്‍ക്കായി രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വയോജന കമ്മീഷന്‍ രൂപീകരിക്കാനുള്ള നിയമനിർമ്മാണം ഈ സമ്മേളനത്തിൽ പൂർത്തിയാക്കി.ഏറ്റവുമടുത്ത വർഷങ്ങളോടെ തന്നെ മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരാവാൻ പോകുന്ന കേരളത്തിൻ്റെ നിധിയായി വയോജനങ്ങളുടെ വിഭവസമ്പന്നത സംസ്ഥാനത്തിൻ്റെ വികസിത ഭാവിയ്ക്കു വേണ്ടി ഉപയോഗിക്കാനുള്ള വിപുലമായ സാധ്യതകൾ തുറക്കാൻ വ്യവസ്ഥകൾ ചെയ്തു കൊണ്ടുള്ളതാണ് വയോജന കമ്മീഷൻ നിയമം.
 
ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിനായി നിയമിച്ച മൂന്നു കമീഷനുകളുടെയും റിപ്പോർട്ടുകൾ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ സമാഹരിച്ചിരുന്നു. കമ്മീഷനുകളുടെ നിർദേശങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കി കഴിഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ നാലുവർഷ ബിരുദം നടപ്പിലാക്കിയതും തൊഴിൽ, നൈപുണി എന്നിവ ഉറപ്പു വരുത്തുന്നതിന് വേണ്ടിയുള്ള നിരവധി പദ്ധതികളും റെക്കോർഡ് വേഗത്തിൽ പരീക്ഷാഫലം ഉറപ്പുവരുത്തുന്ന രീതിയിലുള്ള പരീക്ഷാ പരിഷ്കരണവും സർവകലാശാലാ ഭരണസംവിധാനങ്ങളുടെ ഓട്ടോമേഷൻ ഉറപ്പുവരുത്തുന്ന കെ-റീപ്പ് പദ്ധതിയും പുതിയ മികവിന്റെ കേന്ദ്രങ്ങളുടെ സ്ഥാപനവുമടക്കം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് അങ്ങനെ ഈ സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ പ്രത്യക്ഷഫലങ്ങളാണ് അക്രഡിറ്റേഷനിലും റാങ്കിങിലുമടക്കം രാജ്യത്തെ ഏത് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കിട പിടിക്കത്തക്ക രീതിയിലുള്ള റാങ്കിങ്, അക്രഡിറ്റേഷൻ നേട്ടങ്ങൾ കേരളത്തിലെ സർവ്വകലാശാലകൾക്കും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേടാൻ കഴിഞ്ഞുവെന്നുള്ളത്. 
 
എന്നാൽ ഈ കമ്മീഷനുകൾ ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു, നമ്മുടെ സർവ്വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലും പല വ്യവസ്ഥകളും വകുപ്പുകളും കാലഹരണപ്പെട്ടതും, ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്ന രീതിയിലുള്ള പരിഷ്കരണപ്രവർത്തനങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കുന്നതുമാണെന്നത്. ആധുനിക കാലത്തെ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നതിനാവശ്യമായ പല വ്യവസ്ഥകളും നമ്മുടെ സർവ്വകലാശാലാ നിയമങ്ങളിൽ നിലവിലില്ലെന്നും കമ്മീഷനുകൾ കണ്ടു. അതുകൊണ്ടുതന്നെ, ഏറ്റവും വേഗത്തിലും ലളിതമായും വിദ്യാർത്ഥി സമൂഹത്തിനു സേവനങ്ങൾ ഉറപ്പു വരുത്തുക, വികേന്ദ്രീകൃത ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക, ഉന്നത വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ വേഗത വർധിപ്പിക്കുക, പൊതു സർവ്വകലാശാലകളെ ശക്തിപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് സർവ്വകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്‌തുകൊണ്ടുള്ള രണ്ടു ബില്ലുകൾ സഭയിൽ അവതരിപ്പിച്ചത്.
 
കേരളത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരുമടങ്ങുന്ന അക്കാദമിക്ക് സമൂഹവും വിദ്യാഭ്യാസവളർച്ചയിൽ തല്പരരായ പൊതുസമൂഹ വിഭാഗങ്ങളാകെയും കാലങ്ങളായി പ്രതീക്ഷ പുലർത്തിയ  ആവശ്യങ്ങൾ നിറവേറ്റുന്ന നിയമനിർമ്മാണമാണിത്. വിദ്യാർത്ഥികൾക്ക് ഏറ്റവും വേഗത്തിലും ലളിതമായും ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതുതൊട്ട് ഗവേഷണരംഗത്തെ ഏറ്റവും മികവുറ്റ രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന ഗവേഷണ കൗൺസിലും, ഗവേഷണ ചട്ടങ്ങളിലും ഓഡിറ്റ് റൂൾസുകളിലുമുള്ള മാറ്റങ്ങളും അക്കാദമിക സമൂഹം ഏറെ നാളായി ആവശ്യപ്പെടുന്നതാണ്. Academic Collaboration, Innovation എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകളും, നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായുള്ള വിദ്യാര്‍ത്ഥികളുടെ അന്തര്‍സര്‍വ്വകലാശാല മാറ്റം, ക്രെഡിറ്റ് ഷെയര്‍, ഓണ്‍ലൈന്‍ പഠനം തുടങ്ങിയ പരിഷ്കരണങ്ങള്‍ക്ക് ആവശ്യമായ വ്യവസ്ഥകളും വിദ്യാർത്ഥിലോകത്തിന് ഏറ്റവും പ്രിയങ്കരമായി മാറുമെന്ന് ഉറപ്പാണ്. 
 
അന്തസ്സുറ്റ അദ്ധ്യാപക-വിദ്യാർത്ഥിജീവിതം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളും വിദ്യാര്‍ത്ഥികളുടെ പരാതിപരിഹാര സംവിധാനങ്ങളും അക്കാദമിക ജീവിതത്തിൽ പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും നമുക്ക് എത്രയും വേഗം കണ്ടറിയാനാകും. ഇതിനെല്ലാം സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ സര്‍വ്വകലാശാല ഭരണസംവിധാനങ്ങളിലും  നിര്‍ദ്ദേശിച്ചുകൊണ്ടുള്ളതാണ് നിയമനിർമ്മാണം. 
 
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ, ചരിത്രപരമായും ഈ സർക്കാർ തുടക്കം കുറിച്ച സമഗ്ര പരിഷ്‌കാരങ്ങളിലൂടെയും, ആർജ്ജിച്ച നേട്ടങ്ങളുടെ അടുത്ത ഘട്ടമെന്ന നിലയില്‍ സ്വകാര്യമൂലധനം കൂടി ആകര്‍ഷിച്ച് വിദ്യാഭ്യാസമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്താൻ പര്യാപ്തമാകുന്ന, അതോടൊപ്പം കേരളത്തിന്റെ സാമൂഹ്യനീതി സങ്കല്പങ്ങളുടെ അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ടുള്ള,   സ്വകാര്യസര്‍വ്വകലാശാലാ നിയമവും ഈ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയിരിക്കുന്നു. 
 
ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാല ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. കമ്മീഷൻ 2022ൽ ഈ ശുപാർശ നൽകി. തുടർന്ന് രാജ്യത്തെ വിവിധ സ്വകാര്യ സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളും കേരളത്തിന്റെ സവിശേഷ സാഹചര്യവും വിശദമായി പഠിച്ചു. 
 
സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ മെച്ചപ്പെട്ടതും ഗുണമേന്മയുമുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റി, മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഇവിടേയ്ക്ക് ആകർഷിക്കലും ഗ്രോസ് എൻറോൾമെൻറ് റേഷ്യോ വർദ്ധിപ്പിക്കലുമാണ് സർക്കാർ പ്രധാനമായും ഇതിൽ കണ്ടത്. 
 
സംസ്ഥാന സർക്കാരിന്റെ അംഗീകാരമില്ലാതെ തന്നെ ബിരുദം നൽകുന്ന വിവിധ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നിയമങ്ങളിലെ പഴുതു ഉപയോഗിച്ചാണ് അത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ പോലും സംസ്ഥാന സർക്കാരിന് അവിടെ ഇടപെടാൻ സാധിക്കില്ല. മാത്രമല്ല, ഇത്തരത്തിലുള്ള നിരവധി ഡീംഡ് സർവ്വകലാശാലകളടക്കമുള്ള പുതിയ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള സാഹചര്യമുണ്ട്. 
 
സ്വകാര്യ സർവ്വകലാശാലകളെ പൊതുസർവ്വകലാശാലകൾക്ക് ബദലായോ പകരമായോ ഈ സർക്കാർ കാണുന്നില്ല. പൊതു സർവ്വകലാശാലകളെയും കോളേജുകളെയും ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ പ്രഥമപരിഗണന. 2016 മുതൽ ഈ മേഖലയിൽ സംസ്ഥാന സർക്കാർ നടത്തിയ ശക്തമായ ഇടപെടൽ അതിന്റെ തെളിവാണ്. രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തിൽ നാലുവർഷ ബിരുദമടക്കം നടപ്പിലാക്കിയതും  ആയിരക്കണക്കിന് കോടി രൂപയുടെ മുതൽ മുടക്കു നടത്തിയതും നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ ഒരു വർഷം മാത്രം ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് അനുബന്ധിച്ചുള്ള പത്ത് സർവ്വകലാശാലകൾക്ക് മാത്രമായി 1824 കോടി രൂപ അനുവദിച്ചതിന്റെ മാറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രകടമാണ്. NAAC അടക്കമുള്ള അക്രെഡിറ്റേഷൻ ഗ്രേഡിങ്ങിലും. NIRF, QS, TIMES പോലുള്ള റാങ്കിങ്ങിലും നമ്മുടെ സർവകലാശാലകൾ മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. രാജ്യത്തു തന്നെ ഏറ്റവും മികച്ച State Public സർവ്വകലാശാല വിഭാഗത്തിൽ യഥാക്രമം 9, 10, 11 റാങ്കുകൾ കേരള, CUSAT, എം ജി സർവ്വകലാശാലകൾ നേടി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേടിയിട്ടുള്ള മുന്നേറ്റത്തിന്റെ നേർസാക്ഷ്യമാണിത്. ഇതിനെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന നടപടികളാണ് ഈ നിയമനിർമ്മാണങ്ങളാകെ. 
 
സ്വകാര്യമേഖലയോട് ആരോഗ്യകരമായ മത്സരം നടത്താനുള്ള ശേഷി നമ്മുടെ പൊതുസർവ്വകലാശാലകൾക്കുണ്ടെന്നു ഉറപ്പുവരുത്തിയതു കൊണ്ടാണ് ഈ ഘട്ടത്തിൽ സ്വകാര്യസർവ്വകലാശാല ആരംഭിക്കാനുള്ള നടപടികളിലേക്ക് സർക്കാർ പ്രവേശിച്ചത്. 2022ൽ തന്നെ ഈ ശുപാർശ സർക്കാരിന്റെ മുന്നിൽ വന്നെങ്കിലും പൊതുസർവ്വകലാശാലകളെ ശക്തിപ്പെടുത്താനുള്ള നടപടികൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകിയത്. സർക്കാർ ഉദ്ദേശിച്ച രീതിയിൽ ആദ്യഘട്ട പരിഷ്കരണം പൂർത്തിയാക്കി. പൊതു സർവ്വകലാശാലകളുടെ  വളർച്ച ഉറപ്പുവരുത്തുന്ന രീതിയിൽ സർവ്വകലാശാല നിയമപരിഷ്കരണ ഭേദഗതി ബില്ലുകൾ നിയമമാക്കി. 
 
2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സർവ്വകലാശാലകളെ പ്രത്യേകം വിളിച്ചുകൂട്ടി റാങ്കിങ്ങിലും  അക്രെഡിറ്റെഷനിലും മുന്നേറാൻ ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ആവശ്യമായ മുഴുവൻ പിന്തുണയും സർക്കാർ നൽകി. ഇന്ന് കാണുന്ന റാങ്കും A ++ എല്ലാം അന്നുമുതൽ നടത്തിയ ഇടപെടലിന്റെ ഫലമാണ്. 
 
ഇതായിരുന്നില്ല 2016നു മുമ്പുള്ള അവസ്ഥ. ലാഭകരമല്ലെന്നു പറഞ്ഞ് സ്കൂളുകൾ അടച്ചുപൂട്ടുന്ന കാലമായിരുന്നു അത്. സ്വാശ്രയമേഖലക്കു ഉന്നത വിദ്യാഭ്യാസമേഖലയെ പൂർണ്ണമായും അടിയറവ് വെച്ചിരുന്നു. റാങ്കിങ്ങും അക്രഡിറ്റെഷനും വെറും സ്വപ്‌നങ്ങൾ മാത്രമായിരുന്നു. പരീക്ഷ കഴിഞ്ഞു വർഷം ഒന്നു കഴിഞ്ഞാലും റിസൾട്ട് വരാത്ത സാഹചര്യമായിരുന്നു. 
 
അന്നത്തെ സർക്കാർ വിദ്യാഭ്യാസ മേഖലയെ കൈകാര്യം ചെയ്തിരുന്ന രീതിതന്നെ ആണ്  സ്വകാര്യ സർവ്വകലാശാല കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ എതിർക്കാനുള്ള മുഖ്യ കാരണം. അന്നും രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സ്വകാര്യ സർവ്വകലാശാലകൾ പ്രവർത്തിച്ചിരുന്നു. അതിൽ പലതും കോൺഗ്രസ് ഭരിച്ചതോ മുഖ്യ പ്രതിപക്ഷമോ ആയ സംസ്ഥാനങ്ങളായിരുന്നു. ആ ഘട്ടത്തിൽ സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന ഒരു നടപടിയും സ്വീകരിക്കുകയോ ചർച്ചചെയ്യുക.പോലുമോ ഉണ്ടായിട്ടില്ല. സംവരണമോ ദുർബലവിഭാഗങ്ങൾക്കുള്ള ഫീസ് ഇളവോ വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്ന ചട്ടങ്ങളോ ഉണ്ടായിട്ടില്ല. കോൺഗ്രസ് എന്ന ദേശീയ പാർട്ടി അതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല അന്ന്. ആ അനുഭവത്തിൽ നിന്നാണ് അതിനെ എതിർത്തത്. അന്ന് സ്വകാര്യസർവ്വകലാശാല വന്നിരുന്നെങ്കിൽ കേരളത്തിലെ പൊതു സർവ്വകലാശാലകളുടെ  ശവപ്പറമ്പായി മാറുമായിരുന്നു. ഇന്ന് സാഹചര്യം മാറി. മാറ്റി എന്നുതന്നെ അഭിമാനത്തോടെ പറയാൻ സാധിക്കും. 
 
നിലവിൽ രാജ്യത്തെ 27 സംസ്ഥാനങ്ങളിലായി 502  സ്വകാര്യ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ചും കേരളത്തിന്റെ പ്രത്യേക സാഹചര്യവും ഗൗരവകരമായി പരിശോധിച്ച്. ഇതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ നീതിയും സർക്കാരിന്റെ നിയന്ത്രണാധികാരവും  stakeholdersന്റെ അവകാശങ്ങൾ ഉറപ്പു വരുത്തിയും, ഏറ്റവും മെച്ചപ്പെട്ടതും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ എല്ലാ സാധ്യതകളും ഉറപ്പു വരുത്തിയുമാണ് ഈ ബിൽ അവതരിപ്പിച്ച് പാസാക്കിയത്. രാജ്യത്തിനു മാതൃകയാകുന്ന സ്വകാര്യസർവ്വകലാശാല നിയമമാകും കേരളത്തിന്റേത്.