സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നൂതന സംവിധാനങ്ങൾ ആരംഭിച്ചു . കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ പരിഷ്‌കരിച്ച വെബ്സൈറ്റ്, ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യം, ഇലക്ട്രോണിക്സ് ഗ്യാലറി, ഓട്ടോമൊബൈൽ സിമുലേഷൻ ഗ്യാലറി, ഭൂഗോളത്തിന്റെ മാതൃക, വിർച്വൽ റിയാലിറ്റി സ്റ്റുഡിയോ എന്നിവയാണ് സംവിധാനങ്ങൾ. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി, കോട്ടയം, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ മൂന്ന് ഡിജിറ്റൽ സയൻസ് പാർക്കുകൾ ഉടൻ ആരംഭിക്കും. ചാലക്കുടിയിലെ കേന്ദ്രം ഉടൻ തുറക്കും.
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അറിവാണ്. ശാസ്ത്രീയ അറിവുകൾ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉപയോഗിക്കാൻ കുട്ടികൾക്ക് കഴിയണം. വിർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും ജീവിതത്തിലെ എല്ലാ മേഖലകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ നിലയിൽ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഏറ്റവും പുതിയ നേട്ടങ്ങളെ പോലും സ്വാംശീകരിക്കാനും തിരിച്ചറിയാനും കുട്ടികൾക്ക് അവസരം ഒരുക്കുക എന്നതാണ് അവരുടെ ഭാവിക്കും സമൂഹത്തിന്റെ ഭാവിക്കും പ്രധാനം.
ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള പുതിയ സജ്ജീകരണങ്ങൾ കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തും. പ്രകൃതിയെയും സമൂഹത്തെയും തിരിച്ചറിഞ്ഞ് പുത്തൻ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ മനസിലാക്കി അവയെ സ്വാംശീകരിച്ച് സമൂഹത്തിന് നൽകാൻ കെൽപ്പുള്ള കുട്ടികളെ വാർത്തെടുക്കാൻ ശ്രമിക്കുക എന്നതാണ് നവ വൈജ്ഞാനിക സമൂഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.