QS - Times Rankings Global success for Kerala and MG again; proud of

ക്യുഎസ് – ടൈംസ് റാങ്കിംഗുകൾ

കേരളയ്ക്കും എം ജിയ്ക്കും വീണ്ടും ആഗോള നേട്ടം; അഭിമാനകരം 

ലോകനിലവാരത്തിലേക്ക് ഉയരുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനം പകരുന്നതാണ് കേരള സർവ്വകലാശാലയും എം ജി സർവ്വകലാശാലയും സ്വന്തമാക്കിയിരിക്കുന്ന ആഗോള നേട്ടങ്ങൾ. QS World University Rankingsൽ കേരള സർവ്വകലാശാല മികച്ച നേട്ടം കരസ്ഥമാക്കിയപ്പോൾ ടൈംസ് ആഗോള റാങ്കിംഗിലാണ് എം.ജി സർവ്വകലാശാല മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള റാങ്കിംഗ് സംവിധാനമായ QS (Quacquarelli Symonds) Ranking ൻറെ World University Rankings Asia 2025ൽ കേരള സർവ്വകലാശാല 339 സ്ഥാനം നേടി. അതോടൊപ്പം World University Rankings Southern Asia യിൽ എൺപത്തെട്ടാം സ്ഥാനവും കേരളയ്ക്ക് ലഭിച്ചു.

സർവ്വകലാശാലകളുടെ അക്കാദമിക നിലവാരം, ഗവേഷണ നിലവാരം, വിദ്യാർത്ഥി-അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അദ്ധ്യാപകരുടെ ലഭ്യത തുടങ്ങിയ പല മാനദണ്ഡങ്ങളാണ് QS റാങ്ക് അടിസ്ഥാനമാക്കുന്നത്. ആഗോളതലത്തിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലോകോത്തര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സുപ്രധാന സൂചികകളിൽ ഒന്നാണ് QS റാങ്കിംഗ്.

സമീപ വർഷങ്ങളിൽ NAAC, NIRF തുടങ്ങിയ ദേശീയതലത്തിലെ അക്കാദമിക ഗുണനിലവാര സൂചികകളിലും റാങ്കിംഗിലും സ്വന്തമാക്കിയ മികച്ച നേട്ടങ്ങളുടെ തുടർച്ചയാണ് കേരള സർവ്വകലാശാലയുടെ QSലെ മികവ്.

അധ്യാപനം, ഗവേഷണ അന്തീക്ഷം, ഗവേഷണ മികവ്, രാജ്യാന്തര വീക്ഷണം, വ്യവസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷൻറെ 2025 വർഷത്തേക്കുള്ള വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ 401 മുതൽ 500 വരെയുള്ള റാങ്ക് വിഭാഗത്തിലേക്കാണ് എംജി സർവ്വകലാശാല മുന്നേറിയത്. 2024ലെ റാങ്കിംഗിൽ 501-600 റാങ്ക് വിഭാഗത്തിലായിരുന്നു സർവ്വകലാശാല. എം.ജി സർവ്വകലാശാലയ്ക്കു പുറമെ തമിഴ്നാട്ടിലെ അണ്ണാ സർവ്വകലാശാല, സിമാറ്റ്സ് ഡീംഡ് സർവ്വകലാശാല, ഹിമാചൽ പ്രദേശിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻറ് മാനേജ്മെൻറ് എന്നിവ മാത്രമാണ് 401-500 റാങ്ക് വിഭാഗത്തിലുള്ളത്. 115 രാജ്യങ്ങളിൽനിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് റാങ്ക് പട്ടിക. യു.കെയിലെ ഓക്സ്ഫഡ് സർവ്വകലാശാലയ്ക്കാണ് തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനം.

കാലത്തിൻ്റെ മാറ്റത്തെയും സാങ്കേതികവിദ്യകളെയും സമന്വയിക്കുന്നതിലുള്ള മികവാണ് എം ജി സർവ്വകലാശാലയുടെ അംഗീകാരലബ്ധിക്കു  പിന്നിൽ. 2021 മുതൽ തുടർച്ചയായി ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിംഗിൽ ഇടം നേടുന്ന സർവ്വകലാശാല ഈ വർഷം ടൈംസ് യംഗ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ രാജ്യത്ത് ഒന്നാം സ്ഥാനവും ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുകൊണ്ടുപോകുന്ന സമഗ്രപരിഷ്കരണ സംരംഭത്തോട് തോളോടു തോൾ ചേർന്നുള്ള ഇത്തരം കുതിപ്പുകൾ കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ വളർച്ചക്കാകെ കൂടുതൽ ഉണർവ്വ് പകരും.