ക്യാമ്പസുകളിൽ സ്വയംപര്യാപ്ത നൈപുണ്യവികസന കേന്ദ്രങ്ങൾ തുടങ്ങാൻ അനുമതിയായി
നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കേന്ദ്രങ്ങൾ (‘സെന്റർ ഫോർ സ്കിൽ ഡെവലപ്പ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിംഗ്’ – സി.എസ്.ഡി. സി.സി.പി) ആരംഭിക്കാൻ അനുമതി ആയി. പ്രൊഫഷണൽ നൈപുണ്യ ഏജൻസികളുമായി സഹകരിച്ച് നൈപുണ്യവികസന കോഴ്സുകളും കരിയർ പ്ലാനിംഗും നടത്താനാണ് സ്വയംപര്യാപ്ത രീതിയിൽ പ്രവർത്തിക്കുന്ന നൈപുണ്യവികസന കേന്ദ്രങ്ങൾ.
ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ കേരള സ്റ്റേറ്റ് ഹയർ എജ്യൂക്കേഷൻ കരിക്കുലം ഫ്രെയിംവർക്കിൽ സ്കിൽ എജ്യൂക്കേഷനും വൊക്കേഷണൽ എജ്യൂക്കേഷനും കരിക്കുലത്തിന്റെ ഭാഗമാക്കിയിരുന്നു. ഇതനുസരിച്ച്, എല്ലാ വിദ്യാർത്ഥികളും ഫൗണ്ടേഷൻ കോഴ്സുകളുടെ ഭാഗമായി സ്കിൽ കോഴ്സുകൾ നിർബന്ധമായും പൂർത്തിയാക്കണം. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൈപുണ്യവിടവ് നികത്താൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യവസായ സംബന്ധിയായ ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കാനും ഉന്നതവിദ്യാഭ്യാസ കൗൺസിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇവ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യവികസന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
നൈപുണ്യവികസന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമായ പ്രൊഫഷണൽ നൈപുണ്യപരിശീലന ഏജൻസികളെ നിർദ്ദേശിക്കാനും അവയെ സർക്കാർ അനുമതിയോടെ എംപാനൽ ചെയ്യാനും ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. ‘അസാപ് കേരള’യെയാണ് പ്രൊഫഷണൽ നൈപുണ്യപരിശീലന ഏജൻസിയായി എംപാനൽ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.
നൈപുണ്യവികസന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കാനും ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി.