ട്രാൻസ്മാൻ ആയ ആദം ഹാരിയ്ക്ക് വൈമാനികനാകുന്നതിലെ തടസ്സങ്ങൾ നീക്കി, ആഗ്രഹിച്ച ഉയരത്തിലേക്ക് പറക്കാൻ വഴിയൊരുക്കി.
വൈമാനികനാവാനുള്ള പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ 23,34,400 രൂപയിൽ അനുവദിക്കാൻ ബാക്കിയുള്ള 17,69,158 രൂപയും അധികമായി ആവശ്യമുള്ള 7,73,94 രൂപയും ഉൾപ്പെടെ ആകെ 25,43,062 രൂപ 2022-23 സാമ്പത്തികവർഷം ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ തുകയിൽ നിന്നും അനുവദിച്ച് ഉത്തരവായി.
ഹാരിയ്ക്ക് സിവിൽ ഏവിയേഷൻ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ പത്തു മാസത്തെ വൈമാനിക പരിശീലനം പൂർത്തീകരിക്കാൻ ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് വേണ്ടത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൈലറ്റാവാനുള്ള ഹാരിയുടെ ആഗ്രഹത്തെ തുണയ്ക്കുന്നതല്ലാത്തതു കൊണ്ടാണ് ഹാരി സിവിൽ ഏവിയേഷൻ പഠനത്തിനായി പുറംരാജ്യത്ത് വഴി തേടിയത്.
പക്ഷെ പഠനാവശ്യത്തിനു വേണ്ട തുക കണ്ടെത്താനാവാതെ ആഗ്രഹം മാറ്റിവയ്ക്കേണ്ടി വരുമെന്ന ഹാരിയുടെ മനോവിഷമത്തിനാണ് സംസ്ഥാന സർക്കാരും സാമൂഹ്യനീതി വകുപ്പും ചേർന്ന് പരിഹാരം കണ്ടത്. ട്രാൻസ് സമൂഹത്തോടു സർക്കാർ കാണിക്കുന്ന ഐക്യദാർഢ്യത്തിന്റെ പ്രതീകം കൂടിയാണിത്.