വ്യവസായ-അക്കാദമിയ സംയോജിതഗവേഷണം പ്രോത്സാഹിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സ്ഥാപിച്ച ട്രെസ്റ്റ് റിസർച്ച് പാർക്കിന് പാലക്കാട്ട് സാറ്റലൈറ്റ് കേന്ദ്രം വരുന്നു. പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന സാറ്റലൈറ്റ് കേന്ദ്രത്തിന് ധാരണാപത്രം ഒപ്പുവെച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ട്രെസ്റ്റ് റിസർച്ച് പാർക്കും ഗവ. എഞ്ചിനീയറിംഗ് കോളേജ് പാലക്കാടും തമ്മിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് & സയൻസ് കോളേജുകളിലും മറ്റു സാങ്കേതിക സ്ഥാപനങ്ങളിലും വ്യവസായ-അക്കാദമിയ സഹകരണത്തിനായി സാറ്റലൈറ്റ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമാണ് പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന കേന്ദ്രമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. പാലക്കാട്ടേതടക്കമുള്ള സാറ്റലൈറ്റ് കേന്ദ്രങ്ങൾ ഗവേഷണപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ടപ്പുകളെ ആകർഷിക്കുകയും ക്ഷണിക്കുകയും ചെയ്യും. ട്രെസ്റ്റ് റിസർച്ച് പാർക്ക് അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഹബ്ബ് സെന്റർ ആയി പ്രവർത്തിക്കും.

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഗവേഷണം, സംരംഭകത്വം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഈ പ്ലാറ്റ് ഫോം സൃഷ്ടിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഇൻക്യുബേറ്റഡ് സ്റ്റാർട്ടപ്പുകൾക്ക് വിദ്യാർത്ഥികൾക്ക് അവരുടെ ഇന്റേൺഷിപ്പിന്റെയും പ്രോജക്ടുകളുടെയും ഭാഗമായി ഗവേഷണപ്രശ്നങ്ങൾ നൽകാനും അതുവഴി വ്യവസായങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം നൽകാനും ഇതുവഴി കഴിയും. വ്യവസായത്തിലെ ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലെ അനുഭവപരിചയം വിദ്യാർത്ഥികളെ വ്യവസായത്തിലേക്ക് സജ്ജരാക്കുകയും അവർക്ക് തൊഴിലവസരങ്ങൾ തുറന്നുകൊടുക്കുകയും ചെയ്യും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.