മലയാളി വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിക്കും. ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ട്രൈബൽ യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് തീരുമാനം.
മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവിൽ കേരളത്തിനുള്ള ആശങ്ക അറിയിച്ചിരുന്നു. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ ചെറിയൊരു ഭാഗത്തല്ലാതെ എവിടെയും നിപ്പ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പ്രദേശത്തുനിന്ന് ട്രൈബൽ സർവ്വകലാശാലയിൽ പഠിക്കുന്നവർ ഇല്ലെന്നുതന്നെ പറയാം. അവിടം കൺടൈൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നിരിക്കെ സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവ് അവിടെ ക്യാമ്പസിലെ പഠിതാക്കളിൽ അനാവശ്യഭീതിയുണർത്താനും കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കാനുമേ ഉപകരിക്കൂവെന്ന് കത്തിൽ പറഞ്ഞു.