ഠാണ – ചന്തക്കുന്ന് വികസനം: 41.86 കോടി രൂപ ട്രഷറിയിലെത്തി
ഠാണ – ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ 41,86,13,821 രൂപ ട്രഷറിയിലെത്തി. ആകെ 45.03 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ഭൂമിയേറ്റെടുക്കലിനുള്ള തുകയാണിപ്പോൾ ട്രഷറിയിൽ എത്തിയിരിക്കുന്നത്.
മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽ പെട്ട 0.7190 ഹെക്ടർ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുക്കുന്നത്. ട്രഷറിയിൽനിന്നും തുക റവന്യൂ വകുപ്പിന് കൈമാറുകയും രേഖകളടക്കമുള്ള പരിശോധന പൂർത്തിയാക്കി റവന്യൂ വകുപ്പ് ഗുണഭോക്താക്കൾക്ക് തുക കൈമാറുകയും ചെയ്യും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്ത് നിർമ്മാണപ്രവൃത്തികൾ ആരംഭിക്കും.
സംസ്ഥാനപാതയിൽ കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൽ ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള ഭാഗമാണ് വീതി കൂട്ടുന്നത്. സർക്കാരിന്റെ ഏറ്റവും മികച്ച പിന്തുണയും ധനസഹായവും ലഭ്യമായതോടെ ജംഗ്ഷൻ വികസനം അതിവേഗം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്.