താനൂർ ഗവ. കോളേജ് യാഥാർത്ഥ്യത്തിലേയ്ക്ക്, കാലിക്കറ്റിലെ ആദ്യ ഗ്രീൻ പ്രോട്ടോക്കോൾ ക്യാമ്പസ്
ഭൂമി ഏറ്റെടുക്കലിലടക്കം ഉയർന്ന നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച് താനൂർ ഗവ. കോളേജ് യാഥാർത്ഥ്യമായി. പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ക്യാമ്പസ് ഒരുക്കുന്നത്. കാലിക്കറ്റ് സർവ്വകലാശാലയ്ക്കു കീഴിലെ ആദ്യത്തെ ഗ്രീൻ പ്രോട്ടോക്കോൾ ക്യാമ്പസാവും താനൂർ കോളജ്. ഭൂമിയിൽ നിലവിലുള്ള പഴയ വീടും കുളവും പരമാവധി നിലനിർത്തും. കോളേജിലേക്കുള്ള വഴി വീതികൂട്ടാൻ വേണ്ട ഏറ്റെടുക്കൽ നടപടികളും പൂർത്തിയായി.
സ്ഥലമേറ്റെടുക്കാനുള്ള 6.9 കോടിയുൾപ്പെടെ 26.28 കോടിരൂ പ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് കോളേജിന് പുതിയ കെട്ടിടമുയരുക. 5.4 ഏക്കർ ഭൂമിയിൽ വിശദമായ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തീരദേശ വികസന കോർപ്പറേഷന്റെ നിർമ്മാണ മേൽനോട്ടത്തിൽ ഊരാളുങ്കൽ സർവ്വീസ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നനുവദിച്ച രണ്ടര കോടി രൂപ വിനിയോഗിച്ചുകൊണ്ടുള്ള ചുറ്റുമതിൽ, ഗേറ്റ്, കുളം നവീകരണം തുടങ്ങിയ പ്രവൃത്തികൾക്ക് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയായി. ഈ പ്രവൃത്തികളും ഉടൻ ആരംഭിക്കും. പതിനഞ്ചു മാസങ്ങൾക്കകം അക്കാദമിക് ബ്ലോക്കിൻ്റെയും അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൻ്റെയും നിർമ്മാണം പൂർത്തിയാക്കാനാണ് ആസൂത്രണം.
നിലവിൽ താനൂർ പുത്തൻതെരുവിൽ ഐ.ടി.ഐ കെട്ടിടത്തിലും വാടകക്കെട്ടിടത്തിലുമാണ് കോളേജ് പ്രവർത്തിക്കുന്നത്. താനൂർ കോളേജ് പുതിയ സ്വന്തം ഭൂമിയിൽ യാഥാർഥ്യമാവുന്നതോടെ ഫിഷറീസ് സ്‌കൂളിൽ അനുവദിച്ച ഭൂമി തിരികെ സ്‌കൂളിനുതന്നെ നൽകും. അവിടെ നിർമ്മിച്ച താൽക്കാലിക കെട്ടിടം വിദ്യാഭ്യാസ ആവശ്യത്തിനുതന്നെ ഉപയോഗിക്കും.