1 crore for Mini Industrial Unit in Tripunithura Sangeet-Kala College

തൃപ്പൂണിത്തുറ സംഗീത-കലാ കോളേജിൽ മിനി ഇൻഡസ്ട്രിയൽ യൂണിറ്റിന് ഒരു കോടി രൂപ

കലാവിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കലാലയത്തോട് ചേർന്ന് തൊഴിലും നൽകുന്ന മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് സ്ഥാപിക്കാൻ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിന് ഒരു കോടി രൂപയ്ക്ക് ഭരണാനുമതി ആയി.
പൊതുസ്‌ഥലങ്ങളിൽ ഉപയോഗശൂന്യവസ്തുക്കൾകൊണ്ട് ശില്പങ്ങൾ നിർമ്മിച്ച് സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് ഏറ്റെടുക്കുക. ആർട്സ് ആൻഡ് സയൻസ് കോളേജുകളോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണിത്.

കലായങ്ങളിലെ സാഹചര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പദ്ധതിയായി വിഭാവനംചെയ്യപ്പെട്ടിട്ടുള്ളതാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് പദ്ധതി. ബസ് സ്റ്റോപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കെട്ടിടങ്ങളുടെ ഉൾഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ശിൽപ്പനിർമ്മാണമാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് കൊണ്ട് കാര്യമായി ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്, ഇ-വെയിസ്റ്റ്, ചില്ല് എന്നിവയടങ്ങുന്ന പാഴ്‌വസ്തുക്കൾ കൊണ്ട് കലാശില്പങ്ങൾ പണിത് ഇപ്പറഞ്ഞ ഇടങ്ങളിൽ സ്ഥാപിക്കുന്നതിലൂടെ ‘പൂജ്യം മാലിന്യം’ എന്ന ആശയം പ്രചരിപ്പിക്കാനും ഈയിടങ്ങളിൽ കൂടുതൽ ജനശ്രദ്ധയുണർത്താനും സാധിക്കും.

മെറ്റൽ സ്ക്രബ്ബുകൾ, ഇ-മാലിന്യങ്ങൾ, ഓഫ്-കട്ട് വുഡ്, റബ്ബർ ഉൽപ്പന്നങ്ങൾ, സെറാമിക് കഷണങ്ങൾ മുതലായവ മോഡിയുള്ളതും സുസ്ഥിരവുമായ മാധ്യമങ്ങളിൽ തിരഞ്ഞെടുത്ത് മേശപ്പുറത്തു വെക്കാവുന്ന ചെറുശില്പങ്ങൾ നിർമ്മിക്കാൻ കൂടിയാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് പദ്ധതി. അസംസ്കൃത വസ്തുക്കളിൽനിന്നും നിത്യോപയോഗ സാധനങ്ങളും കരകൗശലവസ്തുക്കളും ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി പങ്കാളികളാവുന്നവർക്ക് വരുമാനവുമേകും.

കെട്ടിടനിർമ്മാണത്തിന് 20 ലക്ഷം രൂപ, യന്ത്രസാമഗ്രികൾക്ക് 42 ലക്ഷം, സെറാമിക് സ്റ്റുഡിയോയ്ക്ക് 10 ലക്ഷം, കായികാദ്ധ്വാനത്തിന് 16 ലക്ഷം അസംസ്കൃതവസ്തുക്കൾ വാങ്ങാൻ ഏഴു ലക്ഷം, ട്രാൻസ്പോർട്ടേഷനും സ്ഥാപിക്കലിനുമായി അഞ്ചു ലക്ഷം എന്നിങ്ങനെയാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റിന് തുക അനുവദിച്ചിരിക്കുന്നത്.