സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നാലായിരത്തിലധികം പോളിടെക്നിക്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അപ്രന്റിസ്ഷിപ് നൽകി.
സംസ്ഥാനത്തെ അൻപതോളം വ്യത്യസ്ത വ്യവസായ മേഖലകളിലാണ് അപ്രന്റിസ് ട്രെയിനികളെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിൽ നടന്ന കേന്ദ്രീകൃത അഭിമുഖത്തിൽ മാത്രം 704 പേർക്കാണ് അപ്രന്റിസ്ഷിപ് നൽകിയത്. ഒരു വർഷത്തേക്കാണ് അപ്രന്റിസുകൾക്ക് ട്രെയിനിങ് നൽകുന്നത്.
ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനി നിരക്കിലുള്ള സ്‌റ്റൈപ്പന്റ് ഇവർക്ക് ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കളമശ്ശേരിയിലെ സൂപ്പർവൈസറി സെന്റർ മുഖേനയാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നായി അൻപതോളം കമ്പനികളുടെ പ്രതിനിധികളാണ് ട്രെയിനികളെ തിരഞ്ഞെടുത്തത്.
പുതിയ ബി ടെക്, ഡിപ്ലോമ ബിരുദധാരികൾക്ക് പ്രായോഗിക പരിശീലനം നൽകി അവരെ വ്യവസായങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും തൊഴിൽയോഗ്യരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സാങ്കേതിക പരിജ്ഞാനവും തൊഴിൽ നൈപുണ്യവും സ്വായത്തമാക്കുകയും അതുവഴി മികച്ച സംരംഭകരാകാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന അപ്രന്റിസുകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.
കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ ഈ സർട്ടിഫിക്കറ്റ് തൊഴിൽ പരിചയ സാക്ഷ്യപത്രമായി ഉപയോഗിക്കാം