നിർമ്മിതബുദ്ധി- ആദ്യ അന്താരാഷ്ട്ര കോൺക്ലേവിന്റെ രണ്ടാം എഡിഷൻ 2024 ഡിസംബർ 8, 9, 10 തീയതികളിൽ, തിരുവനന്തപുരത്ത്
നിർമ്മിതബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ചചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവിന്റെ രണ്ടാം എഡിഷൻ 2024 ഡിസംബർ 8, 9, 10 തീയതികളിൽ, തിരുവനന്തപുരത്ത് ചരിത്ര പ്രാധാന്യമുള്ള കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ വേദികളിലുമായി, തിരുവനന്തപുരത്ത് നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ ഐ.എച്ച്.ആർ ഡിയാണ് അന്താരാഷ്ട്ര നിർമ്മിതബുദ്ധി കോൺക്ലേവ് – The International Conclave on Generative AI & the Future of Education 2.0 (ICGAIFE 2.0) – ഒരുക്കുന്നത്.
നിർമ്മിതബുദ്ധിയും ഉന്നതവിദ്യാഭ്യാസ ഭാവിയും എന്ന വിഷയം ആഴത്തിൽ ചർച്ചചെയ്യുന്ന കോൺക്ലേവിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ദ്ധരും നയരൂപീകരണത്തിനു ചുക്കാൻ പിടിക്കുന്നവരും സർക്കാരിലെയും സ്വകാര്യമേഖലകളിലെയും ഉന്നതോദ്യോഗസ്ഥരും ഒത്തുചേരും.ഐ.എച്ച്.ആർ.ഡി യുടെതന്നെ മുൻകൈയിൽ കഴിഞ്ഞ വർഷം നടന്ന ഒന്നാം അന്താരാഷ്ട്ര കോൺക്ലേവിന്റെ തുടർച്ചയായി കൂടുതൽ വിപുലമായി ഒരുക്കുന്ന രണ്ടാം സമ്മേളനത്തിനു വേണ്ട തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി.
നിർമ്മിതബുദ്ധിയുടെ ശക്തിയും വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ഇതുമായി ബന്ധപ്പെട്ട് രൂപപ്പെടാവുന്ന നിർണ്ണായക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും കോൺക്ലേവ് ചർച്ചചെയ്യും. വിവിധ വിഷയങ്ങളിൽ വിവിധ ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി, വിദേശ സർവ്വകലാശാലകൾ അടക്കമുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിൽ നിന്നെല്ലാമുളള സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ പ്രബന്ധങ്ങളും അവതരണങ്ങളും ഉണ്ടാകും.വിദ്യാഭ്യാസരംഗത്തും തൊഴിലിടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്താവുന്ന സ്വാധീനം, തുറന്നുതരുന്ന തൊഴിൽ സാദ്ധ്യതകൾ എന്നിവയെല്ലാം വിശദമായ ചർച്ചയാവും. അന്താരാഷ്ട്ര ഏജൻസിയായ IEEE യുടെ ആഭിമുഖ്യത്തിലുള്ള വട്ടമേശ ചർച്ചകൾ,എ.ഐ അന്താരാഷ്ട്ര കോൺഫറൻസ്, എ.ഐ.ഹാക്കത്തോൺ, വിദ്യാർത്ഥികൾക്കുള്ള എ. ഐ. ക്വിസുകൾ, എ.ഐ.റോബോട്ടിക് എക്സിബിഷനുകൾ എന്നിവയും അനുബന്ധമായി നടക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും നിർമ്മിതബുദ്ധിയുടെ ഉപയോഗം പ്രവചനാതീതമായി വളർന്നുവരികയാണ്. വിവിധ മേഖലകളിൽ നിർമ്മിതബുദ്ധി ചെലുത്താവുന്ന സ്വാധീനത്തെക്കുറിച്ചും, തുറന്നുവരുന്ന അവസരങ്ങളെക്കുറിച്ചും, ഉയർന്നുവന്നേക്കാവുന്ന ആശങ്കകളെക്കുറിച്ചും വിശദ ചർച്ചകളും അപഗ്രഥനവും അഭിപ്രായരൂപീകരണവും അതീവ പ്രസക്തമാവുകയാണിന്ന് .അതിനാൽത്തന്നെ, സാങ്കേതിക ചർച്ചകൾക്കു പുറമെ, സമൂഹത്തിലെ വിവിധ മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ചർച്ചകളും അടങ്ങിയ, മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഏഴ് സെഷനുകൾ, കോൺക്ലേവിന്റെ മുഖ്യാകർഷണങ്ങളാണ്. നിർമ്മിതബുദ്ധിയുടെ വിവിധ വിഷയങ്ങളിലെ സ്വാധീനം കൂടുതൽ ആഴത്തിൽ പര്യവേഷണം ചെയ്യാനും വിലപ്പെട്ട ഉൾക്കാഴ്ചകളും അറിവുകളും സമാഹരിക്കാനും സഹായകമായ സെഷനുകളാവും ഇവ.
താഴെപ്പറയുന്ന മേഖലകൾ ഈ സെഷനുകളിൽ വിശദീകരിക്കപ്പെടും:
നിർമ്മിതബുദ്ധിയും നീതിന്യായ വ്യവസ്ഥിതിയും (AI and Judicial system)
(ജുഡീഷ്യൽ സംവിധാനത്തിൽ നിർമ്മിതബുദ്ധി എങ്ങനെ ഉപയോഗിക്കാമെന്നും ഇത് നീതിന്യായ സംവിധാനങ്ങളുടെ ഘടനയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും വിദഗ്ദ്ധർ വിലയിരുത്തും. കൂടാതെ നിയമ ഗവേഷണത്തിനും വിശകലനത്തിനും ഇത് എത്രത്തോളം പ്രയോജനപ്രദമാണെന്ന് പരിശോധിക്കും. എല്ലാവർക്കും തുല്യനീതി അതിവേഗം സാധ്യമാക്കുന്നതിന് നിർമ്മിതബുദ്ധി എങ്ങനെ ഉപയോഗിക്കാമെന്നും വിശകലനം ചെയ്യും)
നിർമ്മിതബുദ്ധിയും മാധ്യമങ്ങളും (AI and Media)
(എക്കാലത്തും ജനാധിപത്യം നിലനിർത്താനും പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും സ്വജനപക്ഷപാതവും അഴിമതിയും എതിർത്തു തോൽപ്പിക്കുന്നതിനും മുൻപന്തിയിൽ നിൽക്കുന്ന മാധ്യമ പ്രവർത്തനത്തിൽ നിർമ്മിതബുദ്ധിയുടെ ഉപയോഗം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഇതിൻ്റെ ഗുണദോഷങ്ങളെ ഇഴകീറി പരിശോധിക്കുന്നതിനും ഗുണകരമായ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനും ഈ സെഷൻ ഊന്നൽ നൽകും)
നിർമ്മിതബുദ്ധിയും നിയമനിർവ്വഹണവും (AI and Law Enforcement)
(സമൂഹത്തിൽ നിയമങ്ങൾ നടപ്പാക്കുന്നതിനും പൊതുക്രമം കാത്തുസൂക്ഷിയ്ക്കുന്നതിനും നിയമബോധവൽക്കരണം നടപ്പിലാക്കുന്നതിനും പോലീസ് ഉൾപ്പെടെയുള്ള ഏജൻസികളെ സഹായിക്കുന്നതിനും നിർമ്മിതബുദ്ധി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു, നിർമ്മിതബുദ്ധി മേഖലയിലെ വിദഗ്ദ്ധരും നിയമവിദഗ്ദ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഈ വിഷയം ചർച്ച ചെയ്യുന്ന സെഷൻ)
നിർമ്മിതബുദ്ധിയും യുവജന ശാക്തീകരണവും (AI and Youth Empowerment)
(യുവജനങ്ങളുടെ വിദ്യാഭ്യാസം, നൈപുണി വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിൽ എ. ഐയുടെ പങ്ക് ചർച്ചചെയ്യും. സാങ്കേതികവിദ്യാധിഷ്ഠിത ലോകത്ത് യുവാക്കളെ ശാക്തീകരിക്കുന്നതിനും അവർക്കവരുടെ കഴിവുകൾ തിരിച്ചറിയുന്നതിനും നിർമ്മിതബുദ്ധി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിൽ വിദഗ്ധാഭിപ്രായ സ്വരൂപണം നടത്തുന്ന സെഷൻ).
നിർമ്മിതബുദ്ധിയും ആരോഗ്യ പരിപാലനവും (AI and Health care)
(രോഗനിർണ്ണയം, ചികിത്സാ രീതികൾ തീരുമാനിക്കൽ, മരുന്നിൻ്റെ ഉപയോഗവും നിയന്ത്രണവും, പാർശ്വഫലങ്ങളും അനുബന്ധ രോഗങ്ങളും തുടങ്ങി ചികിത്സയുടെ നിരവധി മേഖലകളിൽ നിർമ്മിതബുദ്ധി ഉപയോഗിക്കുന്നുണ്ടെങ്കിലും ഗുണദോഷ വിശകലന പഠനങ്ങൾ കുറവാണ്. ഇതിനെ ആസ്പദമാക്കി പ്രത്യേക ചർച്ച നടത്തുന്ന സെഷൻ).
നിർമ്മിതബുദ്ധിയും വിദ്യാഭ്യാസവും കേരള സാഹചര്യത്തിൽ (AI and Kerala Education)
വിദ്യാഭ്യാസത്തിൻ്റെ സമസ്തമേഖലകളിലും കേരളം എക്കാലവും മുൻപന്തിയിലാണ്. സമ്പൂർണ്ണ സാക്ഷരത മുതൽ ഉന്നത സാങ്കേതികവിദ്യാഭ്യാസം വരെ ഈ മേൽക്കൈ കേരളം നിലനിർത്തി വരുന്നുണ്ട്. ഈ നേട്ടം നിർമ്മിതബുദ്ധിയുടെ കാര്യത്തിൽ നേടാൻ കഴിഞ്ഞോ എന്ന് ഈ മേഖലയിലെ വിദഗ്ധർ പരിശോധിക്കുന്നു. പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാനാവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരുടെ മുന്നിൽ വയ്ക്കാൻ ആവശ്യമായ റിപ്പോർട്ടുകളും തയ്യാറാക്കും)
നിർമ്മിതബുദ്ധിയും സിനിമയും (AI and Cinema)
(കഥ, തിരക്കഥ, ഗാനങ്ങൾ തുടങ്ങി സിനിമയുടെ ഉള്ളടക്ക ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും, വെർച്വൽ അഭിനേതാക്കളെ സൃഷ്ടിക്കുന്നതിനും ഓഡിയോ-വിഷ്വൽ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇന്ന് സിനിമ മേഖലയിൽ നിർമ്മിതബുദ്ധി ഉപയോഗിക്കുന്നുണ്ട്. ഇത് ആസ്വാദകസമൂഹത്തെ എത്രത്തോളം തൃപ്തിപ്പെടുത്തുന്നു എന്നും മനുഷ്യൻ്റെ സർഗ്ഗശേഷിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും വിദഗ്ദ്ധരുടെ ഈ കൂട്ടായ്മയിലൂടെ പരിശോധിക്കുന്ന സെഷൻ)
അതാത് മേഖലകളിലെ പരിചയസമ്പന്നരും പ്രശസ്‌തരും നേതൃത്വം നൽകുന്ന ഈ സെഷനുകളിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമടക്കം സൗജന്യമായിരിക്കും. ഇതോടൊപ്പം തന്നെ, വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന എക്സിബിഷൻ സ്റ്റാളുകൾ, കല-സാംസ്‌കാരിക പരിപാടികൾ, ഫുഡ് കോർട്ട് എന്നിവയും കോൺക്ലേവിന്റെ ഭാഗമായുണ്ടാകും.
ഡിസംബർ 10ന് തിരുവനന്തപുരത്ത് കോൺക്ലേവിന് തിരശ്ശീല വീഴുമ്പോൾ സമൂഹത്തെ നിർമ്മിതബുദ്ധി എങ്ങനെയൊക്കെ സ്വാധീനിക്കാം എന്നതിലും സമൂഹനന്മക്കായി നിർമ്മിതബുദ്ധി എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നതിലും ഭാവിയെ നിർണ്ണയിക്കാൻ പോകുന്ന ഉൾക്കാഴ്ചകൾ സമാഹരിക്കപ്പെടും.
കോൺക്ലേവുമായി ബന്ധപ്പെട്ട വിവരങ്ങൾ https://icgaife2.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും,
രജിസ്ട്രേഷൻ https://icgaife2.ihrd.ac.in/index.php/registration എന്ന ലിങ്ക് വഴിയും ചെയ്യാം.
അതിനൂതനമായ എ.ഐ. ജ്ഞാനലോകം പരിചയപ്പെടാനും കോൺക്ലേവിൽ സജീവ പങ്കാളികളാകാനും വിദ്യാർത്ഥിലോകത്തെയും വിജ്ഞാനകുതുകികളെയും മാധ്യമപ്രവർത്തകരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.