Mithra- Vocational skill training for probation beneficiaries

സംസ്ഥാന സർക്കാരിൻറെ മൂന്നാം 100ദിന കർമ്മ പരിപാടികളിൽ സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രഖ്യാപനം, ഉദ്ഘാടനം എന്നിവയും, സംസ്ഥാനതല ഓട്ടിസം ദിനാചരണവും, നിഷ്, മാരിഗോൾഡ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.

ഉൽഘാടനം ചെയ്യുകയും, പ്രഖ്യാപനം നടത്തുകയും ചെയ്ത പദ്ധതികൾ

നിഷ്- അസിസ്റ്റീവ് ടെക്നോളജി നീഡ് അസസ്മെന്റ് സെൽ (ATNAC) വെബ്സൈറ്റ് പോർട്ടൽ

പുനരധിവാസ വിദഗ്ധർ, എഞ്ചിനീയർമാർ, ഫിസിഷ്യൻമാർ എന്നിവരടങ്ങുന്ന അസിസ്റ്റീവ് ടെക്‌നോളജി(സഹായസാങ്കേതികവിദ്യ) വിദഗ്ധരുടെ ഒരു സംഘം ഉൾപ്പടുന്നതാണ് അസിസ്റ്റീവ് ടെക്‌നോളജി നീഡ് അസസ്‌മെന്റ് സെൽ. ചലനക്ഷമത, ആശയവിനിമയം, പഠനം, കമ്പ്യൂട്ടർപ്രാപ്യത, എർഗണോമിക്സ്, ജോലിസ്ഥലത്തെ പൊരുത്തപ്പെടുത്തലും, പ്രവേശനക്ഷമതയും എന്നിവയുടെ വികസനം നീഡ് അസസ്മെന്റ് പ്രോട്ടോക്കോളിൽ ഉൾപ്പെടുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) നിശ്ചയിച്ചിട്ടുള്ള പ്രോട്ടോക്കോളുകളും വ്യവസ്ഥകളും അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളാണ് ഇതിനായിഉപയോഗിക്കുക. സെല്ലിൻറെ സേവനങ്ങൾ ആവശ്യമുള്ളവർ വെബ് സൈറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ തുടർ നടപടികൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ നടക്കുന്നതാണ്.

നിഷ് സെന്റർ ഫോർ റിസർച്ച് ഇൻ കമ്മ്യൂണിക്കേഷൻ സയൻസസ്- ന്യൂറോ ഇമേജിംഗ് സൗകര്യവികസനം പ്രഖ്യാപനം

സെന്റർ ഫോർ റിസർച്ച് ഇൻ കമ്മ്യൂണിക്കേഷൻ സയൻസസിലേക്കുള്ള ന്യൂറോ ഇമേജിംഗ് എന്നത്, ന്യൂറൽ ഫിസിയോളജിയിലെ മാറ്റങ്ങൾ നിർണ്ണയിച്ച്, പുനരധിവാസത്തിനായി നടത്തുന്ന പ്രവർത്തനങ്ങളുടെ (intervention) പുരോഗതി മനസ്സിലാക്കാൻ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഈ സാങ്കേതികവിദ്യ മുതിർന്നവരുടെയും, കുട്ടികളുടെയും നാഡീകോശ പ്രവർത്തനങ്ങളിലെ മാറ്റങ്ങൾ നിരീക്ഷിച്ചറിയുവാനും, ക്ലിനിക്കൽ, ഗവേഷണ ആവശ്യങ്ങൾക്കു ഉപയോഗിക്കുവാനും കഴിയും.
ന്യൂറോ ഇമേജിംഗ് ഉപകരണങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനം പുനരധിവാസ ശാസ്ത്രത്തിന്റെ ആവശ്യകതയെ അഭിസംബോധന ചെയ്യാൻ കഴിയുന്ന കേരളത്തിലെ പ്രഥമ സംരംഭമായിരിക്കും.

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ – ‘മെറിഹോം’ ഭവനവായ്പാ പദ്ധതി

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘മെറിഹോം പദ്ധതി’. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമായ ദേശീയ വികലാംഗ ധനകാര്യ വികസന വികസന കോർപ്പറേഷൻ (NHFDC) വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഭവനരഹിതരായ ഭിന്നശേഷിക്കാർക്ക് സ്വന്തമായി ഒരുവീട് നിർമ്മിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുക എന്നത്. പദ്ധതിയുടെ കേരളത്തിലെ ഔപചാരികമായ പ്രഖ്യാപനം “മെറിഹോം’ ഭവന വായ്പാ പദ്ധതി എന്ന് നാമകരണം ചെയ്തു കൊണ്ട് 18/5/22 ന് നടത്തുകയുണ്ടായി. അതിൻറെ തുടർച്ചയായി NHFDC യുടെ മാർഗ്ഗനിർദ്ദേശ പ്രകാരം, കേരളത്തിലെ ഭിന്നശേഷിക്കാരായ അപേക്ഷകരിൽ മാനദണ്ഡപ്രകാരം അർഹരായവർക്കുള്ള വായ്പ വിതരണം ചെയ്യുന്നു.

സ്നേഹയാനം” – ഓട്ടിസം, സെറിബ്രൽ പാൽസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പൾ ഡിസെബിലിറ്റി ബാധിതരുടെ അമ്മമാർക്ക്‌ ഇലക്ട്രിക്‌ ഓട്ടോ അനുവദിക്കുന്നതിനുള്ള പദ്ധതി.

നാഷണൽ ട്രസ്‌റ്റ് നിയമത്തിലുൾപ്പെടുന്ന ഓട്ടിസം, സെറിബ്രൽ പാൽസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ചവരുടെ പരിചരണവും പുനരധിവാസവും മറ്റു ഭിന്നശേഷിക്കാരെ അപേക്ഷിച്ച്‌ പ്രയാസകരമാണ്‌. ഈ അവസ്ഥ നേരിടുന്ന കുട്ടികളുടെ അമ്മമാരെ ശാക്തീകരിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹയാനം. അതതു ജില്ലകളിൽ നിന്നും കണ്ടെത്തുന്ന അമ്മമാർക്ക്, തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലോ, തെറാപ്പി സെന്ററുകളിലോ മറ്റ്‌ അത്യാവശ്യങ്ങൾക്കോ എത്തിക്കുന്നതിനും, മറ്റ്‌ ഒഴിവ്‌ സമയങ്ങളിൽ വാടകയ്ക്ക്‌ ഓട്ടം നടത്തി വരുമാനമുണ്ടാക്കുന്നതിനും ഉതകുന്ന തരത്തിൽ, സൗജന്യമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോ നനൽകുക എന്നതാണ്‌ ഈ പദ്ധതി കൊണ്ട്‌ ലക്ഷ്യമിടുന്നത്‌.
ജില്ലാ കളക്ടർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ, എൻ.ജി.ഒ മെമ്പർ, ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയാണ് മാനദണ്ഡങ്ങൾ പ്രകാരം അർഹരായവരെ തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ ഒരു ജില്ലയിൽ 2, ഗുണഭോക്താക്കൾ എന്ന രീതിയിൽ തെരഞ്ഞെടുത്ത്‌ വാഹനം നൽകുന്നതിനാണ്‌ തീരുമാനിച്ചിട്ടുള്ളത്.

പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നവർ

1 നാഷണൽ ട്രസ്റ്റ്‌ നിയമത്തിൻ കീഴിലുൾപ്പെട്ട ഭിന്നശേഷിക്കാരുടെ അമ്മമാർ ആയിരിക്കണം.
2. ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവരായിരിക്കണം.
3. 55 വയസ്സോ അതിൽ താഴെ പ്രായമുള്ളവരും ഭർത്താവ്‌ ഉപേക്ഷിച്ചവരോ,
വിധവകളോ ആയിരിക്കണം.
4. മറ്റ്‌ വരുമാനമാർഗ്ഗങ്ങൾ ഇല്ലാത്തവരായിരിക്കണം.
5. ത്രീ വീലർ ലൈസൻസ്‌ ഉണ്ടായിരിക്കണം
6. അനുവദിക്കുന്ന ഇലക്ട്രിക്‌ ഓട്ടോ മറിച്ചു വിൽപന നടത്താൻ പാടില്ല.

‘യത് നം’ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഉന്നമനത്തിനായുള്ള പദ്ധതി

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പൊതുനിയമനങ്ങളിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായും അവരുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കിയും വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസൃതമായി വിവിധ മത്സര പരീക്ഷകളിൽ(KPSC,UPSC തുടങ്ങിയ മത്സര പരീക്ഷകൾ ) പങ്കെടുക്കുന്നതിന് പരിശീലനം നേടാൻ ധനസഹായം അനുവദിക്കുന്നതിനായി ആവിഷ്കരിക്കുന്ന പദ്ധതിയാണ് ‘യത് നം’. മാനദണ്ഡങ്ങൾക്കനുസരിച്ച് തിരഞ്ഞെടുന്നവർക്കായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുക

മിത്രം- പ്രൊബേഷൻ ഗുണഭോക്താക്കൾക്ക്‌ തൊഴിൽ നൈപുണ്യ പരിശീലനം

മുൻതടവുകാർ, നല്ലനടപ്പിന് വിധേയരായവർ , തടവുകാരുടെ ആശ്രിതർ, അതിക്രമത്തിന്‌ ഇരയായവർ/ അവരുടെ ആശ്രിതർ, യുവ കുറ്റാരോപിതർ, മാനസികരോഗ ബാധിതരായ തടവുകാർ തുടങ്ങിയവരുടെ പുനരധിവാസവും ആയി ബന്ധപ്പെട്ട് ആവിഷ്കരിച്ച പദ്ധതിയാണ് യത്നം. മേൽ വിഭാഗത്തിൽപ്പെട്ടവർക്ക്‌ അവരുടെ അഭിരുചിക്കനുസൃതമായ തൊഴിലിൽ പരിശീലനം നൽകുകയും അതുവഴി ജോലി ഉറപ്പാക്കുകയോ അല്ലെങ്കിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനു പ്രാപ്തരാക്കുകയോ ചെയ്യുന്നതിനായി ധനസഹായം അനുവദിക്കുക എന്നതാണ് “മിത്രം” എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.