Knowledge Economy Mission's Transgender Employment Project

കേരള നോളജ് ഇക്കോണമി മിഷൻ ട്രാൻസ് ജെൻഡർ വിഭാഗത്തിനായി പ്രൈഡ് എന്ന പേരിൽ പ്രത്യേക തൊഴിൽ പദ്ധതി ആരംഭിക്കുന്നു.
വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നോളജ് ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിയാണു പ്രൈഡ്. വൈജ്ഞാനിക തൊഴിലിൽ തത്പരരായ, പ്ലസ്ടു വോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി 45 ദിവസത്തെ റസിഡൻഷ്യൽ പരിശീലനത്തിലൂടെ തൊഴിലിലേക്കെത്തിക്കും. നൈപുണീ പരിശീലനം, കരിയർ കൗൺസിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്‌കോർ ടെസ്റ്റ്, റോബോട്ടിക് ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണു മിഷൻ ലഭ്യമാക്കുന്ന സേവനങ്ങൾ.

നോളജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ DWMS വഴി രജിസ്റ്റർ ചെയ്തിരിക്കുന്ന 382 ട്രാൻസ്‌ജെൻഡർ വ്യക്തികളെയാണ് ആദ്യ ഘട്ടത്തിൽ തൊഴിലിലേക്ക് എത്തിക്കുക. സാമൂഹ്യ നീതിവകുപ്പിന്റെ ഗുണഭോക്താക്കളായ 1628 ട്രാൻസ്ജെൻഡർ വ്യക്തികളെക്കൂടി അടുത്ത ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാക്കും. ഉദ്യോഗാർഥികൾക്ക് അവരുടെ അഭിരുചിക്കും താൽപ്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിലവസരം ലഭ്യമാക്കുകയാണ് നോളജ് ഇക്കോണമി മിഷൻ ചെയ്യുന്നത്.