പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വരെ ഒന്നിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കെ-റീപ്

പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വരെ ഒന്നിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കെ-റീപ്

സംസ്ഥാനത്തെ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ് സോഫ്റ്റ് വെയർ സംവിധാനം മുഴുവൻ സർവകലാശാലകളിലും നടപ്പിലാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്.
നിലവിൽ സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ട്. പക്ഷേ, പരസ്പ്പര ബന്ധമില്ലാതെയാണ് പ്രവർത്തനം. ഇതിനെയെല്ലാം കെ-റീപ് വഴി ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്.

ഇതോടെ സർവകലാശാലകൾ, കോളജുകൾ എന്നിവ ഒറ്റ കുടക്കീഴിലേക്ക് മാറും. കേരള റിസോഴ്‌സ് ഫോർ എജുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്പ്) എന്ന പ്ലാറ്റ്‌ഫോമിനു കീഴിൽ എത്തുന്നതോടെ വിദ്യാർഥി പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ കെ റീപ്പ് പോർട്ടൽ വഴി നടക്കും. അസാപ് കേരളയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ആൻഡ് കോളജ് മാനേജ്മെന്റ് സിസ്റ്റം എന്ന പേരിൽ ഇതിനായി സോഫ്റ്റ് വെയർ വികസിപ്പിച്ചു കഴിഞ്ഞു. കേരളത്തിൽ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്വെയർ സംവിധാനം കണ്ണൂർ സർവകലാശാല, കാലടി സംസ്‌കൃത സർവകലാശാല, തിരൂർ മലയാളം സർവകലാശാല എന്നിവിടങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കി കഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഫലമായി എൻഐആർഎഫ് റാങ്കിംഗിൽ കേരളം മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ ആദ്യ നൂറിൽ സംസ്ഥാനത്തുള്ള 14 കോളേജുകളാണുള്ളത്. അതിൽ മൂന്ന് സർക്കാർ കോളേജുകളാണ്. സ്റ്റാർട്ടപ് നയത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ഗവേഷണ പാർക്കുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ ഒരോ സ്ഥാപനത്തിനൊപ്പവും ഒരു സ്റ്റാർട്ടപ്പ് പാർക്ക് എന്ന ആശയം നടപ്പാക്കും. എട്ടു പോളിടെക്‌നിക് കോളേജ്, നാല് ഐഎച്ച് ആർഡി കോളേജിലുമടക്കം 13 മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് ആരംഭിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണ്. റാങ്ക് അക്രഡിറ്റേഷനായി വിഷൻ 2024 പദ്ധതി തയാറാക്കി കഴിഞ്ഞു. ഈ പരിശ്രമങ്ങളുടെ തുടർച്ചയാണ് കെ-റീപ് ഏകീകൃത സോഫ്റ്റ് വെയർ സംവിധാനം.