പ്രൊബേഷൻ ദിനം
ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ജന്മദിനം തൊട്ട് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ രണ്ടാഴ്ച നീളുന്ന പ്രൊബേഷൻ പക്ഷാചരണം നടന്നു. തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിലായിരുന്നു പരിപാടി.
സഹജീവികളോടുള്ള കരുണയുടെയും ആർദ്രതയുടെയും പരിഗണയുടെയും മാനവികമായ അടയാളമായി അവരോടുള്ള സമീപനം ഉയർത്തിപ്പിടിക്കാൻ പ്രൊബേഷൻ ദിനം ഓർമ്മിപ്പിക്കുന്നു. കുറ്റങ്ങളിൽ നിന്ന് കുറ്റവാളികളെ അടർത്തിയെടുത്തുകൊണ്ട് ഉത്തരവാദിത്തബോധമുള്ള സാമൂഹ്യജീവികളാക്കി അവരെ പരിവർത്തിപ്പിക്കാനാവണം. അതിന് സാധ്യമാകുന്ന എല്ലാ മാറ്റങ്ങളും ഈ രംഗത്ത് കൊണ്ടുവരാൻ കഴിയണം
പ്രൊബേഷൻ ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് സംസ്ഥാനത്തൊട്ടാകെ കേരള നിയമസേവന അതോറിറ്റി, ജുഡീഷ്യറി, ജയിൽ, പോലീസ് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് സെമിനാറുകൾ, പാനൽ ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിച്ചു. നല്ലനടപ്പ് സംവിധാനത്തെക്കുറിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ പരിവർത്തനോന്മുഖ ജീവിത സാഹചര്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, ജയിൽ ഇതര ശിക്ഷാസമ്പ്രദായം വ്യാപിപ്പിക്കുക, കുറ്റവാളികളുടെ പുനരധിവാസവും ജീവിതവും മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ദിനാചരണം ലക്ഷ്യമിടുന്നത്.
കേരളത്തിലെ പ്രൊബേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട കോടതി, ജയിൽ,പോലീസ്, പ്രോസിക്യൂഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി 2019 മുതലാണ് ജസ്‌റ്റിസ് വി.ആർ കൃഷ്ണയ്യരുടെ ജന്മദിനം പ്രൊബേഷൻ ദിനമായി ആചരിച്ചു പോരുന്നത്.