“ബോധ പൂർണ്ണിമ” ലഹരി ഉപയോഗത്തിനെതിരെ കർമ്മപദ്ധതി: സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു.
=============
ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ബോധ പൂർണ്ണിമ” – ലഹരി ഉപയോഗത്തിനെതിരായ കർമ്മപദ്ധതി – സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിച്ചു.
തിരുവനന്തപുരം സർക്കാർ വിമൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി ഡോ. ബിന്ദു ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവര്‍ അണിനിരന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി.
ആഗോളവ്യാപകമായി ലഹരിക്കെതിരെ ബോധവല്കരണ പ്രചാരണങ്ങളും ജനകീയമുന്നേറ്റങ്ങളും വർദ്ധിക്കുമ്പോഴും ജനങ്ങളിൽ ലഹരിയുടെ സ്വാധീനം ഏറിവരുന്നുവെന്നത് ആശങ്കയുണർത്തുന്നതാണെന്ന് മന്ത്രി ഡോ. ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ച് പറഞ്ഞു. നിയമം കൊണ്ടു മാത്രം ഇതിന് നിയന്ത്രണം കൊണ്ടുവരാൻ സാധിക്കണമെന്നില്ല. സ്കൂൾതലം മുതലുള്ള നിരന്തര ബോധവത്കരണം, സന്നദ്ധസംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നിരന്തര പ്രചാരണം, വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് സമീപം കലാലയാധികൃതരുടെയും നിയമപാലകരുടെയും സജീവ നിരീക്ഷണം തുടങ്ങി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഈ വിപത്തിനെ തടയാൻ സാധിക്കൂ. രക്ഷിതാക്കളുടെ നിതാന്ത ജാഗ്രതയും ഇക്കാര്യത്തില്‍ അനിവാര്യമാണെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുകളെക്കുറിച്ചും ലഹരിവസ്തുക്കളില്‍ നിന്നും വിട്ടു നിൽക്കേണ്ട ആവശ്യകതയെപ്പറ്റിയും പുതുതലമുറ ബോധവാന്മാരാകുകയെന്നതാണ് സർവ്വപ്രധാനമെന്നും മന്ത്രി പറഞ്ഞു. യുവതലമുറ ലഹരിയ്ക്കടിപ്പെടുമ്പോൾ നശിക്കുന്നത് നാടിന്റെയും വീടിന്റെയും വലിയ പ്രതീക്ഷകളാണ്; നാളെയുടെ വലിയ സ്വപ്‌നങ്ങളാണ് – മന്ത്രി കൂട്ടിച്ചേർത്തു.
ലഹരിവിരുദ്ധ സമൂഹവും ലഹരിവിമുക്ത ക്യാമ്പസും ഉറപ്പാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള ഓരോരുത്തരും തങ്ങളുടേതായ പങ്ക് നിർവഹിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ബോധപൂർണ്ണിമ ക്യാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലഹരിയുടെ ഉപഭോഗം വ്യക്തികളുടെ കർമ്മോത്സുകതയും സർഗ്ഗശേഷിയും ക്ഷയിപ്പിച്ച് അവരുടെ പ്രവർത്തന സന്നദ്ധതകളെ മരവിപ്പിച്ചു നിർത്തുകയും തികച്ചും നിഷ്ക്രിയമായ അവസ്ഥയിലേക്ക് അവരെ നയിക്കുകയും ഒറ്റപ്പെട്ട ജീവിതത്തിലേക്ക് അവരെ തള്ളിയിടുകയും ചെയ്യും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ലഹരിയുടെ ഉപഭോഗം സമൂഹത്തിൽ സൃഷ്ടിക്കുന്നത്. ലഹരിക്കെതിരെ വലിയ പ്രതിരോധ ശൃംഖല സംസ്ഥാനത്തുടനീളം രൂപീകരിക്കുന്നതിനാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാരും കേരളീയ സമൂഹവും സന്നദ്ധമായിട്ടുള്ളത് – മന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ വിരിക്കപ്പെട്ട വലയാണ് ലഹരി മാഫിയയുടേത്. ലഹരിയുടെ ലഭ്യത വൻതോതിൽ വർദ്ധിക്കുന്നു എന്നുള്ളത് മറ്റൊരു ഗുരുതരമായ വിഷയമാണ്. ലഹരിയുടെ ലഭ്യത അവസാനിപ്പിക്കുന്നതതിനായി എക്‌സൈസും പോലീസും എല്ലാം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. വായനയാണ് ലഹരി, കലാസാഹിത്യപ്രവർത്തനങ്ങളാണ് ലഹരി, സ്പോർട്സ് ആണ് ലഹരി എന്നൊക്കെയുള്ള ബദൽ മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർത്ഥികളെ ശാക്തീകരിക്കാനും അവരുടെ കഴിവുകൾ ആവിഷ്കരിക്കാൻ വേദികൾ ഉണ്ടാക്കാനും എല്ലാ കലാലയങ്ങളിലും നടപടികൾ ഒരുങ്ങുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ലഹരിവിമുക്ത ക്യാമ്പസ് എന്ന ആശയം പ്രചരിപ്പിക്കുന്നതിനും ലഹരി വിമുക്ത സമൂഹത്തിന്റെ അംബാസിഡർമാരാകാനും വിദ്യാർത്ഥി സമൂഹത്തിനാകട്ടെ എന്ന് മന്ത്രി ആശംസിച്ചു.
ലഹരിവിരുദ്ധ പ്രതിജ്ഞാ പരിപാടി ഓൺലൈനിൽ തത്സമയം വീക്ഷിക്കാനും പങ്കാളികളാവാനും എല്ലാ കലാലയങ്ങളിലും സൗകര്യമൊരുക്കിയിരുന്നു.
ലഹരിയ്‌ക്കെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ച ബോധപൂർണ്ണിമ സംസ്ഥാനതല കർമ്മ പദ്ധതിയ്ക്ക് കീഴിൽ സംസ്ഥാനത്തെ കലാലയങ്ങളിൽ വിവിധ കർമ്മപരിപാടികളാണ് ഇതിന് തുടർച്ചയായി ഒരുക്കിയിരിക്കുന്നത്. ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളിച്ചുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ ആരംഭിക്കും. പോസ്റ്ററുകൾ, കാർട്ടൂണുകൾ, ട്രോളുകൾ, റീൽസ്, വീഡിയോകൾ എന്നിവ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും. No To Drugs എന്ന പേരിൽ വെബ് സൈറ്റ്, യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക് പേജുകൾ രൂപപ്പെടുത്തി പ്രചരിപ്പിക്കാൻ സംവിധാനമൊരുക്കും. നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ലഹരി വിമുക്തി സേനയുടെ – ആസാദ് സേന – ലഹരിവിരുദ്ധ തുടർ പ്രവർത്തനങ്ങളിൽ നേതൃപങ്ക് വഹിക്കും. എക്സൈസ് വകുപ്പിന്റെ സഹായത്തോടെ എല്ലാ ക്യാമ്പസിലും വിമുക്തി ക്ലബ്ബുകൾ സ്ഥാപിക്കും. ശ്രദ്ധ, നേർക്കൂട്ടം എന്നീ പരിപാടികൾ സര്‍വ്വകലാശാലകള്‍, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും കോളേജുകളിലും ആരംഭിക്കും.
ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് ഐ എ എസ് അധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്‌ടർ കെ സുധീർ ഐ എ എസ്,
അഡ്വ. രാഖി രവികുമാർ (വഴുതക്കാട് വാർഡ് കൗൺസിലർ ), ഡോ. ഉമാജ്യോതി . വി (പ്രിൻസിപ്പൽ ഇൻ ചാർജ്), ഫിദ ഫാത്തിമ (കോളേജ് യൂണിയൻ ചെയർമാൻ) എന്നിവർ പങ്കെടുത്തു.
തുടർന്ന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരായ ബോധവത്കരണ ചർച്ചയും അരങ്ങേറി