Job reservation for parents of differently-abled children- Feasibility will be examined

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം- സാധ്യത പരിശോധിക്കും

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം നൽകുന്നത് സംബന്ധിച്ച് നിയമപരമായ സാധ്യത പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു, കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജൻ ഉന്നയിച്ച സബ് മിഷനുളള മറുപടിയായി നിയമസഭയിൽ അറിയിച്ചു.

നിലവിൽ ഭിന്നശേഷി ശാക്തീകരണവും പുനരധിവാസവും ലക്ഷ്യമാക്കി നിരവധി വികസന-ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു.നാഷണൽ ട്രസ്റ്റ് നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സ്വയം തൊഴിലിലൂടെ ഉപജീവനമാർഗം കണ്ടെത്തുന്നതിന് ”സ്നേഹയാനം'” എന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്നുതായും “സമഗ്ര ശിക്ഷാകേരളം” മുഖേന നടപ്പിലാക്കി വരുന്ന സോഷ്യൽ ഇൻക്ലൂഷൻ പ്രോഗ്രാം മുഖേന ഭിന്നശേഷിക്കാരുടെ രക്ഷകർത്താക്കൾക്ക് തൊഴിൽ പരിശീലനം നൽകി വരുന്നുതായും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു സബ് മിഷനുളള മറുപടിയിൽ ചൂണ്ടിക്കാട്ടി.

2016 ലെ The Rights of Persons with Disabilities Act ൽ വ്യവസ്ഥ ചെയ്തത് പ്രകാരം സർക്കാർ സ്ഥാപനങ്ങൾ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലേയ്ക്കും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേനയുള്ള നിയമനങ്ങൾക്ക് ഭിന്നശേഷിക്കാർക്ക് 4% സംവരണം കേരള സർക്കാർ നടപ്പാക്കിവരുന്നുണ്ട്.കൂടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള താൽക്കാലിക നിയമനങ്ങൾക്കും ഭിന്നശേഷിക്കാർക്ക് മേൽപ്പറഞ്ഞ പ്രകാരം സംവരണം നിലവിലുണ്ട്. സ്പെഷ്യൽ സിസെബിലിറ്റിയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് 26.09.2022 ലെ സ.ഉ (കൈ) 22/2022/ഉ.ഭ.പ.വ നമ്പർ ഉത്തരവുപ്രകാരം സ്ഥലംമാറ്റത്തിൽ ഇളവ് നൽകി വരുന്നുതായും മന്ത്രി ആർ.ബിന്ദു ശ്രദ്ധയിൽപ്പെടുത്തി.

ഓട്ടിസം, സെറിബ്രൽ പാൾസി, മാനസികവളർച്ചയില്ലായ്മ, ബഹുവൈകല്യം മുതലായ ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കൾ സർക്കാർ ജീവനക്കാർ ആണെങ്കിൽ അവരിൽ ഒരാൾക്ക് 11.05.2023ലെ സ.ഉ(കൈ) 2/2023/സാ.നീ.വ നമ്പർ ഉത്തരവ് പ്രകാരം ജോലിസമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം എന്ന വിഷയം വളരെ മാനുഷികമായതാണ് സർക്കാർ കാണുന്നതെന്നും
മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തീവ്ര ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേനയടക്കം നടത്തി വരുന്ന താൽക്കാലിക നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്ന കാര്യം ഇപ്പോൾ നിലവിലില്ലെന്നും അതിൻറെ നിയമപരമായ സാധ്യത പരിശോധിച്ചതിന് ശേഷം അനുഭാവപൂർവ്വ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും മന്ത്രി ആർ.ബിന്ദു മറുപടി നൽകി.