Young talents with disabilities will be identified and encouraged

സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പെർഫോമൻസ് ആൻഡ് അസ്സെസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കും. കലാ-സാഹിത്യ മേഖലകളിൽ പ്രാഗത്ഭ്യവും കഴിവും തെളിയിച്ചിട്ടുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരെ കണ്ടെത്തി കൂടുതൽ അനുകൂലമായ സാഹചര്യങ്ങളും, വിവിധ സഹായ സംവിധാനങ്ങളും ലഭ്യമാക്കി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും, സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള ഡെവലപ്പ്മെന്റ് ഇന്നൊവേഷൻ ആന്റ് സ്ട്രാറ്റജിക് കൗൺസിലും കേരള സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായാണ് പരിപാടി നടപ്പാക്കുന്നത്.

ഭിന്നശേഷി സൗഹൃദ കേരളത്തിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്ക് കാരണമാകുന്ന അവസ്ഥകൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനം മുതൽ പുനരധിവാസം വരെയുള്ള സമഗ്രമായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം അവരുടെ സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ വിവിധ പരിപാടികൾ നടത്തി വരികയാണ്.

സംഗീതം, വീഡിയോഗ്രാഫി, ഡ്രോയിംഗ് & പെയിന്റിംഗ് മേഖലകളിൽ പ്രാഗൽഭ്യമുള്ളവരും 40 ശതമാനമോ അതിലധികമോ ഭിന്നശേഷി ഉള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ലഭ്യമായ രേഖകളുടെയും, ഇതിനോടകം അവർ ചെയ്തിട്ടുള്ള കലാപരമായ സൃഷ്ടികളും വിദഗ്ധർ ഉൾപ്പെടെയുള്ള സ്ക്രീനിങ് കമ്മിറ്റി പ്രിലിമിനറി സ്ക്രീനിങ് നടത്തി വിലയിരുത്തുകയും തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ത്രിദിന ക്യാമ്പും, ഭാവിയിൽ അവർക്കാവശ്യമായ പ്രൊഫഷണൽ സപ്പോർട്ടും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.