ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ: 35.77 ലക്ഷം രൂപ സബ്സിഡി നൽകി
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ വായ്പയെടുത്ത് വിവിധ സംരംഭങ്ങൾ ആരംഭിച്ചവർക്ക് ഈ സാമ്പത്തികവർഷം 35.77 ലക്ഷം രൂപ സബ്സിഡിയായി അനുവദിച്ചു.
കോർപ്പറേഷനിൽ നിന്ന് നേരിട്ടും മറ്റ് ദേശസാത്കൃത ബാങ്കുകളിൽ നിന്നും 2024-25 സാമ്പത്തികവർഷം ഡിസംബർ പത്തുവരെ അനുവദിച്ച സബ്സിഡി തുകയാണിത്. കൃത്യമായി വായ്പ തിരിച്ചടക്കുന്ന ഒരു ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള ഭിന്നശേഷിക്കാർക്കാണ് സബ്സിഡി. 46 ഗുണഭോക്താക്കൾക്ക് വിവിധ ബാങ്കുകളിലേക്ക് 10.31 ലക്ഷം രൂപയും, കോർപ്പറേഷൻ നേരിട്ട് വായ്പ നൽകുന്ന പദ്ധതിയിൽ 40 പേർക്ക് 25.46 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
കോർപ്പറേഷന് സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച തുകയാണ് ഇങ്ങനെ 86 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തുന്നത്. സ്വയംതൊഴിലിനായും, വാഹന-ഭവന ആവശ്യങ്ങൾക്കായും അമ്പത് ലക്ഷം രൂപ വരെയാണ് നാമമാത്ര പലിശനിരക്കിൽ കോർപ്പറേഷൻ നേരിട്ട് വായ്പ നൽകി വരുന്നത്. രാജ്യത്തിനകത്തും പുറത്തുമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നാലു ശതമാനം പലിശനിരക്കിൽ അമ്പത് ലക്ഷം വരെ വിദ്യാഭ്യാസ വായ്പയും നൽകി വരുന്നു.
കടുത്ത സാമ്പത്തികപ്രയാസങ്ങളിലും ഭിന്നശേഷിക്കാരെയും മറ്റ് അവശവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാർ നിലപാടിന് ഉദാഹരണമാണ് ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സബ്സിഡി അനുവദിച്ചുകൊണ്ടുള്ള നടപടി.