Reservation in colleges for differently abled students

ഓട്ടിസം, ബുദ്ധിവൈകല്യം, പഠനവൈകല്യം, മാനസിക വെല്ലുവിളി എന്നീ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് കൂടുതൽ പഠനാവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തി. ബിരുദ കോഴ്സുകളിൽ പരമാവധി 3 സീറ്റും ബിരുദാനന്തര ബിരുദത്തിന് ഒരു സീറ്റുമാണ് അനുവദിച്ചത്.

ഓട്ടിസം, ബുദ്ധിവൈകല്യം, പഠനവൈകല്യം, മാനസിക വെല്ലുവിളി എന്നിവയെ ഒറ്റ യൂണിറ്റായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാർഥികൾക്ക് താത്പ്പര്യമുള്ള കോഴ്സും കോളേജും തെരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും.

നിലവിൽ ഈ വിദ്യാർഥികൾക്ക് ഭിന്നശേഷി (പിഡബ്ല്യുഡി) സംവരണത്തിൽ ഉൾപ്പെടുത്തിയാണ് പ്രവേശനം. പ്രത്യേക സംവരണമുണ്ടായിരുന്നത് കലിക്കറ്റ് സർവകലാശാലയിൽ മാത്രമായിരുന്നു. പുതിയ തീരുമാനം വിദ്യാർഥികൾക്ക് കലാലയാന്തരീക്ഷം സാധ്യമാക്കും. ഇതോടെ പഠനത്തിനൊപ്പം സാമൂഹികവികാസവും ലഭ്യമാകും.