‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം’
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ പിന്നിട്ട വിദ്യാഭ്യാസവർഷത്തിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് ഈ വർഷവും ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം’ നൽകുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാനകാൽവെയ്പ്പായ പുരസ്കാരങ്ങൾ 2024 ജനുവരി 25ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ആദരണീയനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സമ്മാനിക്കും. ബഹു. ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും.
വിവിധ സർവ്വകലാശാലകളിൽ 2020-21 വിദ്യാഭ്യാസവർഷത്തിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ള പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം’ നൽകിയിരുന്നു. ഇതിനു തുടർച്ചയായാണ് 2021-22 വിദ്യാഭ്യാസവർഷം പഠിച്ചിറങ്ങിയ ആയിരം പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകുന്നത്.
രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന ഈ പദ്ധതി രാജ്യത്തുതന്നെ ആദ്യമായാണ്. ഓരോ സർവ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം.
2021-22 വിദ്യാഭ്യാസവർഷത്തെ പുരസ്കാരത്തിന് ലഭിച്ച 5083 അപേക്ഷകരിൽനിന്നാണ് പഠനമികവിന്റെയും വാർഷികവരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ആയിരം പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ പന്ത്രണ്ട് സർവ്വകലാശാലകളിൽനിന്നുള്ളവരാണ് ഈ ആയിരം പേർ.
ഉന്നതവിദ്യാഭ്യാസം ഉയരങ്ങളിലേക്ക്
ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്കാരങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ അംഗീകൃതമായ ഉയർന്ന വികസനലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുകയാണിന്ന് കേരളം. സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ, എല്ലാ സാമൂഹികവിഭാഗങ്ങൾക്കും പ്രാപ്യതയും തുല്യതയും ഉറപ്പാക്കുന്ന, ഒപ്പംതന്നെ ഗുണനിലവാരത്തിലും മുൻപന്തിയിലുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ടാണ് കേരളത്തിന്റെ ഈ കുതിപ്പെന്നതിൽ ഏറ്റവും അഭിമാനമുണ്ട്. വിദൂരവിദ്യാഭ്യാസം ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തിനായി സംസ്ഥാനത്ത് സ്ഥാപിച്ച ആദ്യത്തെ ഓപ്പൺ സർവ്വകലാശാലയായ ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വളർച്ചതന്നെ അതിനു തെളിവാണ്.
മൂന്നു വർഷം പൂർത്തിയാക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് തിളക്കമുറ്റ അംഗീകാരമായി സർവ്വകലാശാലയുടെ ആറ് പുതിയ പ്രോഗ്രാമുകൾക്കു കൂടി യു.ജി.സി അംഗീകാരം ലഭിച്ചത് ഈയിടെയാണ്. അതിൽ ഒരു പ്രോഗ്രാം ( ബി.എ. നാനോ എൻറർപ്രണർഷിപ്പ്) ഇന്ത്യയിൽ ആദ്യമായി യു.ജി.സി അംഗീകാരത്തോടെ ഒരു സർവ്വകലാശാല ആരംഭിക്കുന്നതാണെന്നത് ഏറ്റവും ശ്രദ്ധേയമാണ്. പഠിതാക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴിൽമേഖലയിൽ പ്രായോഗിക പരിചയവും സംരംഭകശേഷിയും ഉറപ്പാക്കുന്ന പാഠ്യരീതിയാണ് ഈ കോഴ്സിന്റെ കാതൽ. നിലവിൽ സർവ്വകലാശാല നടത്തിവരുന്ന 22 പാഠ്യപദ്ധതികൾക്ക് പുറമേയാണ് ഈ പുതിയ പ്രോഗ്രാമുകൾക്കും യു.ജി.സി അംഗീകാരം.
ഗവേഷണം, ഗുണനിലവാരവർദ്ധന
രാജ്യത്താദ്യമായി ജ്ഞാനസമൂഹസൃഷ്ടിയ്കും തദ്ദേശീയ സാമൂഹിക-സാമ്പത്തിക ഘടനയുടെ വികസനത്തിനും യോജിച്ച വിധത്തിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും പരിഷ്കരിക്കാൻ രൂപീകരിച്ച സമിതികൾ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർവ്വകലാശാലകളിൽ കരിക്കുലം പരിഷ്കരണത്തിനും പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ മുന്നേറുകയാണ്.
ഉന്നതവിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ ഭാഗമായി കേരളത്തിലെ സർവ്വകലാശാലകൾ ഈ വരുന്ന അക്കാദമികവർഷം നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് മാറുകയാണ്. കോഴ്സിന്റെ മൂന്നാം വർഷത്തിനുശേഷം വിദ്യാർത്ഥികൾക്ക് എക്സിറ്റ് ഓപ്ഷൻ നൽകുന്ന പുതിയ സംവിധാനത്തിൽ അവസാന വർഷം വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാവുന്ന മേഖലകളിൽ ഗവേഷണാധിഷ്ഠിത പ്രവർത്തനങ്ങൾ നടത്താൻ അവസരമുണ്ടാകും. നാലുവർഷ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം വർഷത്തേക്കുള്ള ലാറ്ററൽ പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുന്ന വിധത്തിലാകും മാറിയ ബിരുദ പ്രോഗ്രാം.
ഗവേഷകവിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്കോളർഷിപ്പുകളും നമ്മൾ ഏർപ്പെടുത്തി. അന്താരാഷ്ട്രതലത്തിൽ അക്കാദമികമായി മുന്നിൽ നിൽക്കുന്ന മികച്ച 200 സർവ്വകലാശാലകളിൽ ഹ്രസ്വകാല ഗവേഷണത്തിനാണ് ഗവേഷകവിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുക. ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള സെമിനാറുകൾക്കായുള്ള യാത്രകൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാകും. ഗവേഷകരുടെ വിദേശയാത്രാച്ചെലവും അവിടെയുള്ള ജീവിതച്ചെലവും ഇതുവഴി സർക്കാർ വഹിക്കും.
നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) മാതൃകയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയിൽ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (Kerala Institutional Ranking Framework-KIRF) സംവിധാനം ആരംഭിച്ചതും, എൻജിനീയറിങ് വിദ്യാർത്ഥികളിൽ ഗവേഷണാഭിരുചി വളർത്തുന്നതിനും അധ്യാപകരുടെ ഗവേഷണ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുമായി തിരുവനന്തപുരത്ത് TrEST Park സ്ഥാപിച്ചതുമെല്ലാം ഇതേ ഗുണനിലവാരവർധന ലക്ഷ്യമിട്ടാണ്.
സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ, സാമ്പത്തിക, കാർഷിക, വ്യാവസായിക മേഖലകളിലെ നൂതനവും റീബിൽഡ് കേരള പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ടുള്ളതുമായ ഗവേഷണാശയങ്ങൾ അവതരിപ്പിച്ച ഗവേഷകർക്ക് തുടർന്നുള്ള ഗവേഷണത്തിന് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് പദ്ധതിയും ഇതിൽ ഉൾപ്പെടും. മുഴുവൻസമയ ഗവേഷണത്തിനായി രണ്ടുവർഷത്തേക്കാണ് (ആദ്യവർഷം പ്രതിമാസം അമ്പതിനായിരം രൂപയും രണ്ടാംവർഷം പ്രതിമാസം ഒരുലക്ഷം രൂപയും) ആണ് ഫെലോഷിപ്പായി ഇവർക്ക് നൽകുന്നത്.
തൊഴിലും വിദ്യാഭ്യാസവും തമ്മിലെ വിടവ് നികത്താൻ
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കോളേജ് വിദ്യാഭ്യാസ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച ‘EARN WHILE YOU LEARN’ എന്ന പദ്ധതി കേരളത്തിലെ എല്ലാ സർക്കാർ കോളേജുകളിലും നടപ്പിലായിരിക്കുകയാണ്. ഒപ്പം, K-DISC, KKEM, ASAP എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ അവരുടെ തൊഴിൽശേഷിയും നൈപുണ്യവും വർദ്ധിപ്പിച്ച് പുതിയ തൊഴിൽമേഖലകളിൽ നിയമിക്കപ്പെടാൻ അനുയോജ്യരാക്കാനായി ‘Connect Career To Campus’ പദ്ധതിയും ദേശീയശ്രദ്ധയാകർഷിച്ച് മുന്നേറുന്നു.
പഠിതാക്കളുടെ നവീനമായ ആശയങ്ങളെ പ്രയോഗപഥത്തിലെത്തിക്കാൻ പിന്തുണയൊരുക്കി സർക്കാർ എൻജിനീയറിങ് കോളജുകളിലും തിരഞ്ഞെടുത്ത പോളിടെക്നിക്കുകളിലും ടെക്നോളജി ഇൻകുബേഷൻ സെന്ററുകൾക്ക് കേരളം തുടക്കമിട്ടു. നിലവിൽ 46 യൂണിറ്റുകളും 40 ഇൻകുബേഷൻ യൂണിറ്റുകളും വിവിധ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്നു. ഇതേ ലക്ഷ്യത്തിനായി സർവ്വകലാശാലകളിൽ Business Incubation & Innovation സെന്ററുകളും ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ 14 ടെക്നോളജി ബിസിനസ് ഇൻകുബേഷൻ സെന്ററുകളും പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി.
സംസ്ഥാനത്തെ അമ്പതോളം വ്യത്യസ്ത വ്യവസായമേഖലകളിലേക്ക് നാലായിരത്തിലധികം പോളിടെക്നിക്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ അപ്രന്റിസ് ട്രെയിനികളായി തിരഞ്ഞെടുത്ത് ഒരു വർഷത്തെ പരിശീലനം നൽകിക്കഴിഞ്ഞു. പുതിയ ബി ടെക്, ഡിപ്ലോമ ബിരുദധാരികളെ പ്രായോഗിക പരിശീലനം നൽകി വ്യവസായങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും തൊഴിൽയോഗ്യരാക്കാനാണീ നവീനമായ പദ്ധതി. സാങ്കേതിക പരിജ്ഞാനവും തൊഴിൽ നൈപുണ്യവും സ്വായത്തമാക്കി മികച്ച സംരംഭകരാകാൻ അവസരമൊരുക്കുന്ന പദ്ധതിയിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന അപ്രന്റിസുകൾക്ക് കേന്ദ്രസർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നു. ഇതോടൊപ്പം, പോളിടെക്നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി സംവിധാനവും നാം നടപ്പാക്കി. മാത്തമാറ്റിക്സ് വിഷയമെടുത്ത് പ്ലസ് ടു വിജയിക്കുന്നവർക്ക് പോളിടെക്നിക് കോളേജുകളിൽ രണ്ടാം വർഷ ഡിപ്ലോമ ക്ലാസ്സുകളിലേക്ക് നേരിട്ട് പ്രവേശനം നേടാനാണ് ഇതുവഴി അവസരമൊരുക്കിയിരിക്കുന്നത്.
ഡിജിറ്റലാകുന്ന സർവ്വകലാശാലാ പ്രവർത്തനങ്ങൾ
കേരളത്തിലെ – എല്ലാ സർവ്വകലാശാലാ ലൈബ്രറികളിലെയും വിഭവങ്ങളുടെ ഡിജിറ്റൽ ശേഖരം പരസ്പരം പങ്കുവയ്ക്കുന്നതിനുള്ള സാങ്കേതിക സംവിധാനം (കാൽനെറ്റ്) നടപ്പിലാക്കിക്കഴിഞ്ഞു. ഗവേഷണ പ്രബന്ധങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയായി വരുന്നു.
ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വിവരസാങ്കേതിക വിദ്യാധിഷ്ഠിത വിവര ശേഖരണത്തിനും സർവ്വകലാശാലാ പ്രവർത്തനങ്ങളിൽ ആധുനിക സാങ്കേതികവിദ്യ ഏർപ്പെടുത്തുന്നതിനുമായി Kerala Resources For Education Administration & Planning പദ്ധതി (K-REAP) ഈ അക്കാദമിക വർഷം ആരംഭിക്കാനാണ് ധാരണ. വിദ്യാർത്ഥിജീവിത രജിസ്ട്രി, മനുഷ്യവിഭവ വികസനം, അഫിലിയേറ്റഡ് കോളേജുകൾ, അധ്യാപകർ തുടങ്ങിയ വിഭാഗങ്ങളിലായി ഭരണതലം, ഗവേഷണതലം, പരീക്ഷാതലം, പഠന പരിപാലന സംവിധാനം ഇവയെല്ലാം ഉൾപ്പെടുന്ന ERP സോഫ്റ്റ്വെയർ K-REAP ന്റെ ഭാഗമായി ഉണ്ടാകും. അഞ്ചു ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ വിവരങ്ങൾ ആദ്യ വർഷം തന്നെ ഈ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യപ്പെടും. കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ വിവരങ്ങളും ഡിജിറ്റലായി സൂക്ഷിക്കപ്പെടുകയെന്ന വൻ മാറ്റത്തിനാണ് K-REAP വിദ്യാഭ്യാസ വിവരശേഖരണ പദ്ധതി പാതയൊരുക്കാൻ പോകുന്നത്.
അടിസ്ഥാനസൗകര്യ വികസനത്തിൽ കുതിപ്പ്
സർക്കാർ കോളേജുകളുടെയും സർവ്വകലാശാലകളുടെയും അടിസ്ഥാനസൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി കഴിഞ്ഞ ബജറ്റുകളിൽ ചരിത്രത്തിലില്ലാത്തത്ര തുക വകയിരുത്തി. സർവ്വകലാശാലകളുടെയും സർക്കാർ/ എയ്ഡഡ് കോളേജുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള റൂസ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 230 കോടിയിൽ 92 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമാണ്. ദേശീയാടിസ്ഥാനത്തിൽ റൂസ ഫണ്ടിന് അർഹത നേടിയ ഏറ്റവും കൂടുതൽ കോളേജുകൾ കേരളത്തിലാണെന്നതും ചരിത്രനേട്ടമാണ് – 115 കോളേജുകൾ.
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക് തിരൂരിലും APJ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയ്ക് വിളപ്പിൽശാലയിലും ഭൂമി ഏറ്റെടുത്തതും ഈ ദിശയിലെ നേട്ടങ്ങളാണ്.
സാമൂഹിക നീതി, പ്രാപ്യത
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് തുല്യതയും പ്രാപ്യതയും ഉറപ്പു വരുത്താനുള്ള നടപടികൾ വേണമെന്ന ഉന്നതവിദ്യാഭ്യാസ കമ്മീഷൻ ശുപാർശ സ്വീകരിച്ച് പഠനവൈകല്യമുള്ളവർക്ക് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളിൽ പ്രത്യേക സീറ്റ് അനുവദിച്ചിട്ടുണ്ട്. ഓട്ടിസം, പഠന വൈകല്യം, മാനസിക വെല്ലുവിളി എന്നീ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് കൂടുതൽ പഠനാവസരം ലഭ്യമാക്കിയിരിക്കുകയാണ് ഇതുവഴി. ബിരുദ കോഴ്സുകളിൽ പരമാവധി മൂന്ന് സീറ്റും ബിരുദാനന്തര ബിരുദത്തിന് ഒരു സീറ്റുമാണ് അനുവദിച്ചത്.
കൂടാതെ, എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് 4% സംവരണവും കൊണ്ടുവന്നു. ട്രാൻസ്ജൻഡർ അപേക്ഷകർക്ക് ബിരുദ-ബിരുദാനന്തരതല കോഴ്സുകൾക്ക് സീറ്റ് സംവരണമെന്ന വലിയ കാൽവെപ്പും നാം നടത്തി.
എൻജിനീയറിങ് കോളേജുകളിൽ 5% സീറ്റിൽ സൗജന്യ പഠനം, മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് 10% സംവരണം, എല്ലാ സർവ്വകലാശാലകളിലും ഭരണ സമിതികളിൽ SC/ST വിഭാഗത്തിനും വനിതകൾക്കും സംവരണം എന്നീ ചരിത്രപരമായ തീരുമാനങ്ങളും നടപ്പിൽ വരുത്തി.
ഉന്നതവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ഈ ഉദ്യമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്വാശ്രയ എൻജിനീയറിങ്, ആർക്കിടെക്ചർ കോളേജുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1178 വിദ്യാർത്ഥികളുടെ സ്പെഷ്യൽ ഫീസ് പൂർണ്ണമായും ഒഴിവാക്കി. ഓരോ സ്വാശ്രയ കോളേജും സർക്കാരിനു നൽകിയ 50 ശതമാനം സീറ്റിൽ പ്രവേശനം ലഭിച്ചവരിൽപ്പെട്ട നിർധനരായ 25 ശതമാനം കുട്ടികളെയാണ് ഫീസ് ഇളവിന് പരിഗണിച്ചത്. 5000 രൂപമുതൽ 25,000 രൂപ വരെയുള്ള ഫീസ് ഇളവാണ് ഇവർക്ക് ലഭിക്കുക. ഇതിനെല്ലാം പുറമെ, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.
ഈ പ്രവർത്തനങ്ങളുടെയെല്ലാം തുടർച്ചയായാണ് ഇക്കുറിയും നമ്മുടെ വിവിധ സർവ്വകലാശാലകളിൽ പഠിച്ചിറങ്ങുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള, പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം’ സമ്മാനിക്കുന്നത്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളിൽ നാഴികക്കല്ലാകും ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരം’.