All students will be made a part of sports culture

മുഴുവൻ വിദ്യാർഥികളെയും കായിക സംസ്‌കാരത്തിൻറെ ഭാഗമാക്കും

സംസ്ഥാനത്തെ കോളേജുകളിലെ മുഴുവൻ വിദ്യാർഥികളെയും കായിക സംസ്‌കാരത്തിൻറെ ഭാഗമാക്കാൻ ലക്ഷ്യമിട്ടാണ് കേരള കോളേജ് സ്‌പോർട്‌സ് ലീഗ് രൂപീകരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള കോളേജ് സ്‌പോർട്‌സ് ലീഗിന്റെ ഭാഗമായി കോളേജുകളിൽ സ്‌പോർട്‌സ് ക്ലബ്ബുകൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്താദ്യമായിട്ടാണ് കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്പോർട്‌സ് ലീഗ് ആരംഭിക്കുന്നത്. ലീഗിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കോളേജുകളിലും സ്പോർട്സ് ക്ലബ് തുടങ്ങും. വിദ്യാഭ്യാസ കായിക മേഖലകളിൽ മുന്നിട്ടു നിൽക്കുന്ന യൂണിവേഴ്‌സിറ്റി കോളേജിൽ ഇതിന് തുടക്കമിടുകയാണ്. കായിക മേഖലയിലെ പ്രവർത്തനങ്ങൾ കായിക പ്രതിഭകളായിട്ടുള്ള കുട്ടികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നതെങ്കിൽ കോളേജ് സ്‌പോർട്‌സ് ലീഗ് തൽപരരായ എല്ലാ വിദ്യാർഥികളെയും അതിന്റെ ഭാഗമാക്കും. മികച്ച കായിക സംസ്‌കാരം വാർത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് സ്പോർട്‌സ് ലീഗ് പദ്ധതി നടപ്പിലാക്കുന്നത്. കായിക ഉച്ചകോടിയുടെ ഭാഗമായി ഉയർന്നു വന്ന ആശയത്തെ വിദ്യാർഥി സമൂഹവും കോളേജുകളും സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് സ്‌പോർട്‌സ് ലീഗ് ആരംഭിക്കുകയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. കോളേജ് സ്‌പോർട്‌സ് ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും. സംസ്ഥാനത്തെ കോളേജുകളെ നാല് സോണുകളായി തിരിച്ച് മൂന്നു മുതൽ ആറുമാസം വരെ നീളുന്ന സ്‌പോർട്‌സ് ലീഗാണ് സംഘടിപ്പിക്കുക. സ്പോർട്സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാതല കമ്മിറ്റികൾ ഉണ്ടാകും. കമ്മിറ്റിയിൽ ഉന്നതവിദ്യാഭ്യാസ, കായിക, വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുൻതാരങ്ങളുമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും വൈസ് ചാൻസലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണനിർവഹണം നടത്തുകയെന്ന് മന്ത്രി പറഞ്ഞു.

കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കോളേജുകളെ സഹയിക്കുന്നതിന്റെ ഭാഗമായി സ്വന്തമായി വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ് കോളേജ് സ്പോർട്സ് ക്ലബുകളുടെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്. കോളേജ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പൊഫഷണൽ ലീഗിലേക്കും വഴിയൊരുങ്ങും. പുതിയ കായിക താരങ്ങളെ വളർത്തിയെടുക്കുന്നതോടൊപ്പം അവരെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ ലീഗിലൂടെ കഴിയും. സ്വദേശത്തും വിദേശത്തുമുള്ള മികച്ച പരിശീലകരുടെ സേവനവും വിദ്യാർഥികൾക്ക് നൽകാനാകുമെന്ന് മന്ത്രി പറഞ്ഞു.