ഭിന്നശേഷിക്കാർക്കുള്ള മെറി ഹോം ഭവനവായ്‌പ, ഭിന്നശേഷിക്കാരുടെ അമ്മമാർക്കുള്ള ‘സ്നേഹയാനം’ സൗജന്യ ഇലക്ട്രിക് പാസഞ്ചർ ഓട്ടോ വിതരണം തുടങ്ങി വിവിധയിനം പദ്ധതികൾ ആരംഭിക്കുന്നു. നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായിട്ടാണ് പദ്ധതിയുടെ പ്രഖ്യാപനങ്ങൾ നിർവ്വഹിക്കുക. സംസ്ഥാനതല ഓട്ടിസം ദിനാചരണവും ആരംഭിക്കും.
നിഷ്-ന്റെ അസിസ്റ്റീവ് ടെക്നോളജി നീഡ് അസസ്മെന്റ് സെൽ (ATNAC) വെബ്സൈറ്റ് പോർട്ടലും ഉടൻ പ്രവർത്തനം ആരംഭിക്കും. ചലനക്ഷമത, ആശയവിനിമയം, പഠനം, കമ്പ്യൂട്ടർപ്രാപ്യത, ജോലിസ്ഥലവുമായുള്ള പൊരുത്തപ്പെടുത്തലും പ്രവേശനക്ഷമതയും വികസിപ്പിക്കൽ എന്നിവക്കായുള്ള സെല്ലിന്റെ സേവനങ്ങൾ ആവശ്യമുള്ളവർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാവും. തുടർനടപടികൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ നടക്കും. നിഷിന്റെ തന്നെ സെന്റർ ഫോർ റിസർച്ച് ഇൻ കമ്മ്യൂണിക്കേഷൻ സയൻസസിൽ ന്യൂറോ ഇമേജിംഗ് സൗകര്യവികസനത്തിന്റെ പ്രഖ്യാപനവും കൂടെ നിർവ്വഹിക്കും. ന്യൂറോ ഇമേജിംഗ് ഉപകരണങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസിപ്പിക്കലിലൂടെ പുനരധിവാസ ശാസ്ത്രത്തിന്റെ ആവശ്യകതയെ അഭിസംബോധന ചെയ്യുന്ന കേരളത്തിലെ പ്രഥമ സംരംഭമാണിത് –
ഭവനരഹിതരായ ഭിന്നശേഷിക്കാർക്ക് സ്വന്തമായി വീടുനിർമ്മിക്കാൻ കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കുന്ന പദ്ധതിയാണ് ‘മെറിഹോം’. പദ്ധതിയുടെ ഔപചാരികമായ നാമകരണം കഴിഞ്ഞ വർഷം മേയിൽ നിർവഹിച്ചിരുന്നു. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ഇലക്ട്രിക് ഓട്ടോ അനുവദിക്കുന്ന പദ്ധതിയാണ് “സ്നേഹയാനം” അമ്മമാർക്ക്, മക്കളെ സ്കൂളുകളിലോ തെറാപ്പി സെന്ററുകളിലോ മറ്റ് അത്യാവശ്യങ്ങൾക്കോ എത്തിക്കാം, ഒഴിവുസമയങ്ങളിൽ വാടകയ്ക്ക് ഓട്ടം നടത്തി വരുമാനവും ഉണ്ടാക്കാം . ആദ്യഘട്ടത്തിൽ ഒരു ജില്ലയിൽ രണ്ടു ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ തിരഞ്ഞെടുക്കുന്നത്.
ട്രാൻസ്-ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസയോഗ്യതയ്ക്കൊത്ത വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കാനുള്ള പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന ‘യത്നം’ പദ്ധതിയും ആരംഭിക്കും. പൊതുനിയമനങ്ങളിൽ ട്രാൻസ്-ജെൻഡർ വ്യക്തികളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും അതുവഴി അവരുടെ സാമ്പത്തികശാക്തീകരണം ഉറപ്പാക്കാനുമാണ് പദ്ധതി.
മുൻ തടവുകാർ, നല്ലനടപ്പിനു വിധേയരായവർ, തടവുകാരുടെ ആശ്രിതർ, അതിക്രമത്തിന് ഇരയായവർ/ അവരുടെ ആശ്രിതർ, യുവ കുറ്റാരോപിതർ, മാനസികരോഗ ബാധിതരായ തടവുകാർ തുടങ്ങിയവരുടെ പുനരധിവാസത്തിനായുള്ള ‘മിത്രം’ പദ്ധതിയുടെ പ്രഖ്യാപനവും നിർവ്വഹിക്കും. പ്രൊബേഷൻ ഗുണഭോക്താക്കൾക്ക് തൊഴിൽനൈപുണ്യ പരിശീലനം നൽകുന്ന ഈ പദ്ധതിയിൽ അവർക്ക് സ്വന്തം അഭിരുചിക്കിണങ്ങിയ തൊഴിൽ ഉറപ്പാക്കുകയോ സ്വയം തൊഴിൽസംരംഭങ്ങൾ ആരംഭിക്കാൻ അവരെ പ്രാപ്തരാക്കുകയോ ചെയ്യാനുള്ള ധനസഹായമാണ് നൽകുക.