Drug-free Kerala: Special forces will be formed in campuses

ബോധവത്ക്കരണ പരിപാടികൾക്ക് കലാലയങ്ങളിൽ തുടക്കം

ലഹരി മുക്ത കേരളത്തിനായി എൻഎസ്എസ്, എൻസിസി എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക സേന ക്യാമ്പസുകളിൽ രൂപീകരിക്കും. ക്യാമ്പസുകൾ ലഹരിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ തുടക്കം കുറിക്കും. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം കണ്ടെത്തുന്ന ജീവനി കൗൺസിലിംഗ് എയ്ഡഡ് കോളേജുകളിൽ വ്യാപിപ്പിക്കും. ഹോസ്റ്റൽ വാർഡൻമാരെ ഉൾപ്പെടുത്തി ശ്രദ്ധ എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കും. ലഹരിമുക്ത കേരളം യാഥാർത്ഥ്യമാക്കുന്നതിന് ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കും. എക്സൈസ്, പൊലീസ്, ആരോഗ്യം വകുപ്പുകളെയും സമിതിയുടെ ഭാഗമാക്കും.

മുക്തധാര – ഡ്രഗ് ഫ്രീ കാമ്പസ് ആണ് ലക്ഷ്യം വയ്ക്കുന്നത് . കലാപ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തമുണ്ടാക്കി ലഹരിവിപത്തടക്കമുള്ള ദുഷ്പ്രവണതകൾക്ക് എതിരെ സാംസ്കാരിക പ്രതിരോധമുയർത്തുന്നത്തിനായി ‘മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്’ പദ്ധതി നടപ്പിലാക്കും.

ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കരണ പരിപാടികൾക്ക് എല്ലാ കലാലയങ്ങളിലും തുടക്കമായി. വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, കലാലയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബര ജാഥകൾ, ലഹരി വിരുദ്ധ ക്യാംപയിന്‍, വിമുക്തി ക്ലബ്ബുകൾ, ലഹരി വിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യല്‍ മീഡിയ പ്രചരണം, ലഹരി വിരുദ്ധ കവിത – കഥ രചനാ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.