Rainbow projects to ensure gender justice and gender equality

ലിംഗനീതിയും ലിംഗസമത്വവും ഉറപ്പുവരുത്താൻ മഴവില്ല്  

സംസ്ഥാനത്ത് ലിംഗനീതിയും ലിംഗസമത്വവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുകയും അവർക്കായി വിവിധപദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വഴിയാണ് ട്രാൻസ്ജെന്റേഴ്സ് സൗഹൃദപരമായ നിരവധി പദ്ധതികൾ തയ്യാറാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗമെന്ന നിലയിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.

തിരിച്ചറിയൽ കാർഡ് വിതരണം, ഹോസ്റ്റൽ പദ്ധതി, സ്‌കോളർഷിപ്പ് പദ്ധതി, വിവാഹ ധനസഹായം പദ്ധതി, ബ്യൂട്ടീഷൻ കോഴ്സ്, ഡ്രൈവിങ് പരിശീലനം, ഡ്രൈവിങ് ലൈസൻസിൽ രേഖപ്പെടുത്താൻ പ്രത്യേക കോളം, കെയർ ഹോം/ ഷോർട്ട് സ്റ്റേ ഹോം, എച്ച്.ഐ.വി സീറോ സർവെയലൻസ് സെന്റർ, ഇക്കണോമിക് എംപർമെന്റ് ഹബ്, ബോധവൽക്കരണ പരിപാടികൾ, സംരംഭകത്വ വികസന പരിശീലന പരിപാടികൾ, 24*7 ഹെൽപ് ലൈൻ, തയ്യൽ മെഷീൻ വിതരണ പദ്ധതി, സ്വയം തൊഴിൽ ധനസഹായം, വിദൂര വിദ്യാഭ്യാസ സഹായം പദ്ധതി (വർണം), പ്രൊഫഷണൽ കോഴ്സ് പഠിക്കാനുള്ള ധനസഹായം (സഫലം), വനിതാ വികസന കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ വായ്പ, ലിഗമാറ്റ ശസ്ത്രക്രിയാ ധനസഹായം, എസ്.ആർ.എസ് തുടർചികിത്സാ ധനസഹായം, സമന്വയ തുടർവിദ്യാഭ്യാസ പദ്ധതി, പി.എസ്.പി, സോഷ്യോ എക്കണോമിക് സർവേ, അഡ്വക്കസി കാമ്പയിൻ, കരുതൽ പദ്ധതി, സാകല്യം പദ്ധതി, ട്രാൻസ്‌ജെൻഡർ കലോത്സവം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം, പിഎസ്സി അപേക്ഷയിൽ രേഖപ്പെടുത്താൻ കോളം, ട്രാൻസ് സൗഹൃദ ടോയ്ലെറ്റുകൾ എന്നിവയാണ് സംസ്ഥാന സർക്കാർ ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി നടത്തിവരുന്ന വിവിധ പദ്ധതികൾ.

ട്രാൻസ്ജെൻഡഴ്സ് വിഭാഗത്തിനായി നടത്തുന്ന വിവിധ പദ്ധതികളെ കൂട്ടിചേർത്ത് മഴവില്ല് എന്ന പേരിൽ സമഗ്രമായിട്ടാണ് പദ്ധതി നടപ്പാക്കി വരുന്നത്. എസ്.ആർ.എസ് സർജറിക്കും, സർജറിക്ക് ശേഷമുള്ള ജീവിതത്തിനുമാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിട്ടുള്ളത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 2018-22 കാലയളവിൽ 306 പേർക്ക് 30,846101 തുക അനുവദിച്ചു. ശസ്ത്രക്രിയയ്ക്കുശേഷമുള്ള പരിചരണത്തിനായി 308 അപേക്ഷകർക്ക് 2018-22 കാലയളവിൽ 89,10,000 രൂപ നൽകി. 2018-22 വർഷത്തിൽ 94 പേർക്ക് സ്‌കോളർഷിപ്പിനായി 18,70,000 രൂപ ചെലവഴിച്ചു. 71 പേർക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കാൻ ഇതേകാലയളവിൽ 23,24,000 രൂപ നൽകി. 2018-20 കാലയളവിൽ സ്വയം തൊഴിൽ കണ്ടെത്താനായി 77 പേർക്ക് 23 ലക്ഷം രൂപയും നൽകി. വിവാഹധനസഹായമായി 2020-22 വർഷത്തിൽ 10 പേർക്ക് 3 ലക്ഷം രൂപ അനുവദിച്ചു. സഫലം പദ്ധതി വഴി 2021-22 വർഷത്തിൽ മൂന്ന് പേർക്ക് ഓരോ ലക്ഷം വീതം നൽകി. കരുതൽ പദ്ധതിയിൽ 2021-22 വർഷത്തിൽ രണ്ട് പേർക്ക് 24,524 രൂപയും വർണം പദ്ധതിയിൽ മൂന്ന് പേർക്ക് 28,330 രൂപയും നൽകി. 2021-22 കാലയളവിൽ പീർ സപ്പോർട്ട് പ്രാക്ടീസിനായി 29 ട്രാൻസ്‌ജെൻഡേഴ്‌സിന് 1,90,679 രൂപയും അനുവദിച്ചു.

ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്കെത്തിച്ച് അവർക്ക് സാമൂഹികപരമായും സാംസ്‌ക്കാരികപരമായും സാമ്പത്തികമായും ഉന്നമനം നേടാൻ പ്രാപ്തരാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.