ലോകാരോഗ്യ സംഘടന ഭിന്നശേഷി മേഖലയിൽ നടപ്പാക്കുന്ന ടാപ്പ് പദ്ധതി (ട്രയ്നിങ് ഇൻ അസിസ്റ്റീവ് പ്രൊഡക്റ്റ്) നടത്തിപ്പിനായി ദേശീയ തലത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്‍ (നിപ്മർ) ചുമതല. സഹായ ഉപകരണങ്ങളുടെ ആവശ്യകതയും ഉപയോഗവും സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഡബ്ല്യൂഎച്ച്ഒ പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരെ സഹായ ഉപകരണങ്ങളുടെ ആവശ്യകതാ നിർണയം, ഉപകരണങ്ങളുടെ ഉപയോഗം, തുടർനടപടികൾ എന്നിവ നൽകി സജ്ജമാക്കുകയെന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. തൃശൂരിലെ ആളൂർ പഞ്ചായത്തിനെയാണ് പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. തുടർന്ന് മറ്റിടങ്ങളിലേയ്ക്കും ടാപ്പ് പദ്ധതി വ്യാപിപ്പിക്കും. 24.72 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളും പദ്ധതിയുടെ പരിശീലന ചെലവിലേയ്ക്ക് 20.60 ലക്ഷം രൂപയുമാണ് ഡബ്ല്യുഎച്ച്ഒ ആദ്യഘട്ടത്തിൽ നൽകുക. കേരളത്തിലെ ഒരു പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യ സമ്പൂർണ സഹായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന പഞ്ചായത്താക്കി മാറ്റാൻ പദ്ധതി വഴി സാധിക്കും.