വയോജനക്ഷേമത്തിനായി സേവനം കാഴ്ചവെച്ചവർക്ക് പുരസ്കാരങ്ങൾ
വയോജനങ്ങളുടെ ക്ഷേമത്തിനായി ശ്ലാഘനീയമായ സേവനം കാഴ്ചവെച്ചവരെ സാമൂഹ്യനീതി വകുപ്പ് ‘വയോസേവന പുരസ്കാരങ്ങൾ’ നൽകി ആദരിക്കുകയാണ്.
സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മുതിർന്ന പൗരൻമാർ, വിവിധ സർക്കാർ സർക്കാരിതര വിഭാഗങ്ങൾ, കലാകായിക സാംസ്കാരിക മേഖലകളിൽ മികവു തെളിയിച്ച മുതിർന്ന പൗരന്മാർ എന്നിവർക്ക് വയോസേവന അവാർഡ് 2023ന് നാമനിർദ്ദേശങ്ങൾ നൽകാം.
വ്യക്തികൾ/സ്ഥാപനങ്ങൾ നേരിട്ടല്ല പേര് നിർദ്ദേശിക്കേണ്ടത്. അങ്ങനെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. അതാത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് വ്യക്തികളെ/സ്ഥാപനങ്ങളെ നാമനിർദ്ദേശം ചെയ്യാം.
പതിനൊന്ന് വിഭാഗങ്ങളിലായാണ് ഈ വർഷം പുരസ്കാരം. നാമനിർദ്ദേശത്തോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റു രേഖകളും നൽകണം. നാമനിർദ്ദേശങ്ങൾ സാമൂഹ്യനീതി ഡയറക്ടറേറ്റിലേക്കോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്കോ ആണ് നൽകേണ്ടത്.
ജൂലായ് 30 ആണ് നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾ sjd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.