Senior Citizens' Day: State Level Program in the Capital; Two social security schemes will be introduced

അന്താരാഷ്ട്ര വയോജനദിനത്തിൽ മുതിർന്ന പൗരർക്കായുള്ള രണ്ട് സാമൂഹ്യസുരക്ഷാപദ്ധതികൾ നിലവിൽ വരും. വയോജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കും. ഒക്ടോബർ ഒന്നിന് വെള്ളിയാഴ്‌ച രാവിലെ പത്തുമണിക്ക് തിരുവനന്തപുരം തമ്പാനൂരിലെ ചൈത്രം ഹോട്ടലിലാണ് സംസ്ഥാനതല ദിനാചരണ പരിപാടിയും പദ്ധതികളുടെ പ്രഖ്യാപനവും. വയോജനപരിപാലന മേഖലയിലെ പ്രവർത്തനങ്ങൾക്ക് സാമൂഹ്യനീതിവകുപ്പ് പുതുതായി ഏർപ്പെടുത്തുന്ന ‘വയോസേവന’ പുരസ്കാരത്തിന്റെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിക്കും.

മുതിർന്ന പൗരന്മാർക്ക് അടിയന്തിര ഘട്ടത്തിൽ സഹായം നൽകുന്ന ‘വയോരക്ഷ’ ആണ് വയോജനദിനത്തിൽ പ്രരംഭംകുറിക്കുന്ന ഒരു പദ്ധതി. ആരും തുണയ്ക്കില്ലാതെ ശാരീരിക അവശതകളോടെ കഴിയുന്ന മുതിർന്ന പൗരർക്ക് അടിയന്തിരസഹായമടക്കം എത്തിക്കുന്ന ‘വയോരക്ഷ പദ്ധതി’ ജില്ലാ സാമൂഹ്യനീതി ഓഫീസർമാരുടെ ചുമതലയിലാണ് നടപ്പാക്കുക.

വൃദ്ധസദനങ്ങളുടെ സൗകര്യങ്ങളും സേവനങ്ങളും ദേശീയ നിലവാരത്തിലേക്കുയർത്തുന്ന ‘സെക്കൻഡ് ഇന്നിംഗ്‌സ് ഹോം’ കൊല്ലം ജില്ലയിലേക്കും കൊണ്ടുവരുന്നതാണ് രണ്ടാമത്തെ പദ്ധതി. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂരിലും തുടർന്ന് മലപ്പുറത്തും നടപ്പിലായി പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നതിന്റെ തുടക്കമായാണ് കൊല്ലത്തെ ‘സെക്കൻഡ് ഇന്നിംഗ്‌സ് ഹോം’.

വയോജനങ്ങൾക്ക് നല്ല ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതിന്റെ ആവശ്യകത പറയുന്ന രണ്ട് ബോധവൽക്കരണ വീഡിയോകളുടെ പ്രകാശനവും മന്ത്രി ഡോ. ആർ ബിന്ദു ചടങ്ങിൽ നിർവ്വഹിക്കും.