വയോജന പരിപാലനത്തിൽ കേരളത്തിന് റിസർവ്‌ ബാങ്കിന്റെ പ്രശംസ. വയോജനങ്ങളിൽ 76.13 % (49.84 ലക്ഷം) പേർക്കും പെൻഷൻ നൽകുന്ന കേരള മാതൃകയെയാണ് സംസ്ഥാന ബജറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടിൽ പ്രശംസിച്ചിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ വയോജനങ്ങളുള്ള കേരളത്തിൽ ഭൂരിപക്ഷത്തിനും ഏതെങ്കിലുമൊരു ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ടെന്നുമുള്ള സവിശേഷതയാണ് ആർ.ബി.ഐ. റിപ്പോർട്ടിൽ എടുത്തു പറഞ്ഞിരിക്കുന്നത്.

വ്യത്യസ്തങ്ങളായ നിരവധി പെൻഷൻ പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും എണ്ണംകൊണ്ടും വ്യാപ്തികൊണ്ടും രാജ്യത്തെ മാതൃകാ സംസ്ഥാനമാണ് കേരളം. അവ ആരംഭിക്കുക മാത്രമല്ല, നിലനിർത്തുകയും വികസിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിൽ ഇതേ മാതൃകാപദവി കേരളം നിലനിർത്തുന്നുണ്ട് . ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന മുതിർന്ന പൗരർക്കു കൂടി സുരക്ഷ ഉറപ്പാക്കാൻ, അഭയ മന്ദിരങ്ങളിൽ അവർക്ക് ഇടം നൽകാൻ ഈയിടെ സർക്കാർ തീരുമാനിച്ചിരുന്നു. ഇവയെല്ലാം ചേർന്ന്, വയോജന പരിപാലനത്തിൽ കേരളം കാണിക്കുന്ന മികവിനുള്ള അംഗീകാരം കൂടിയാണ് ആർ ബി ഐയുടെ പരാമർശം.

അവശജനവിഭാഗങ്ങളോടുള്ള അനുഭാവത്തെ പുച്ഛിക്കുന്ന സമീപനങ്ങളെ തള്ളിയാണ് വയോജനങ്ങളടക്കമുള്ള അരികുവൽകൃത വിഭാഗങ്ങളെ പിന്തുണക്കുന്ന വഴി കേരളം പിന്തുടരുന്നത്.ആ വഴിയാണ് ശരിയെന്നു പറയുക കൂടിയാണ് ആർ ബി ഐ.