Skyline loan for students and educated job seekers

വിദ്യാർത്ഥികൾക്കും അഭ്യസ്‌ത വിദ്യരായ ഉദ്യോഗാർത്ഥികൾക്കും സ്‌കിൽ ലോൺ
————————————-

സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും അഭ്യസ്‌ത വിദ്യരായ ഉദ്യോഗാർത്ഥികൾക്കും സ്‌കിൽ ലോൺ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന സംരംഭമായ അസാപ്‌ കേരളയും കാനറ ബാങ്കും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് .

കേരളത്തിലെ നൈപുണ്യപരിശീലന രംഗത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചുവടുവെയ്പ്പിനാണ് തുടക്കമായിരിക്കുന്നത്.അക്കാദമിക വിദ്യാഭ്യാസത്തിനോടൊപ്പം തന്നെ നൈപുണ്യ പരിശീലനത്തിനും തുല്യ പരിഗണന നൽകേണ്ട ചരിത്ര സന്ധിയാണ് ഇത് .

കാനറ ബാങ്കിന്റെ നൈപുണ്യ വായ്‌പ പദ്ധതി വഴി കേരളത്തിൽ നൈപുണ്യ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക പ്രയാസങ്ങൾ മൂലം കോഴ്‌സുകൾക്ക് ചേരാൻ സാധിക്കാത്ത സാഹചര്യം ഇതോടെ പൂർണമായും ഒഴിവാകും.

നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കും, പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും തങ്ങളുടെ ഇഷ്ട തൊഴിൽമേഖലയിൽ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്സ് കാലയളവിലും തുടർന്നുള്ള ആറുമാസവും മൊറട്ടോറിയവും, മൂന്നു വർഷം മുതൽ ഏഴു വർഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും.

സ്‌കിൽ കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത കാനറ ബാങ്കിൽ നേരിട്ടോ, വിദ്യാലക്ഷ്‌മി പോർട്ടൽ (https://www.vidyalakshmi.co.in/Students/) വഴിയോ ലോണിനായി അപേക്ഷിക്കാം .

അസാപ് കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമല്ല, NSQF/NSDC അംഗീകൃതമായ കോഴ്‌സുകൾ ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ഇതിന്റെ ഗുണഫലം ലഭിക്കും.