കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം ആരംഭിച്ചു. നമ്മുടെ വൈജ്ഞാനിക സമ്പത്ത് കാർഷിക മേഖലയുടെ നവീകരണത്തിനും ആധുനികവൽക്കരണത്തിനും പ്രയോജനപ്പെടുത്തണമെന്നതാണ് മഹോത്സവം ലക്‌ഷ്യം വയ്ക്കുന്നത്.
ജൂൺ 23 മുതൽ ജൂലൈ 2 വരെ പത്തുദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ ദിവസവും രാവിലെ 10ന് ആദരസംഗമങ്ങൾ, ഉച്ചയ്ക്ക് രണ്ടിന് സാഹിത്യ സദസ്സുകൾ, 3.30ന് കൃഷി സംബന്ധമായ സെമിനാറുകൾ, 5 മണി മുതൽ രാത്രി 9 വരെ കലാപരിപാടികൾ തുടങ്ങിയവ ഒരുക്കിട്ടുണ്ട്.
മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ ഫലവൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണികൾ, ഇരുമ്പ് ഉല്പന്നങ്ങൾ, ചെറുപ്പകാല മിഠായികൾ, ചക്ക – മാങ്ങ ഉല്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന 50ൽ പരം സ്റ്റാളുകളുണ്ടാകും.