Falling of the flag for Varnapakit

വർണ്ണപ്പകിട്ടിന് കൊടിയിറക്കം

സാംസ്‌കാരിക നഗരിയായ തൃശ്ശൂരിനെ ആവേശത്തിരയിലാക്കിക്കൊണ്ട് തുടർന്ന ട്രാൻസ്ജെൻഡർ കലോത്സവം- വർണ്ണപ്പകിട്ടിന് വർണ്ണാഭമായി കൊടിയിറങ്ങി. മൂന്നു ദിവസങ്ങളിലായി തൃശൂർ ടൗൺ ഹാളിലായിരുന്നു കലോത്സവം. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനകളും കലാഭിരുചിയും നിറഞ്ഞുനിന്ന കലോത്സവത്തിൽ 19 ഇനങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള ഇരുന്നൂറോളം കലാ പ്രതിഭകളാണ് മാറ്റുരച്ചത്.

ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരികയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കലോത്സവം ആസ്വദിക്കാൻ ആയിരത്തോളം പേർ വേദിയിലേക്ക് ഒഴുകിയെത്തിയത് മേളയ്ക്ക് കൂടുതൽ ആവേശകരമായി.

ലളിതഗാനം, മോണോആക്ട്, നാടോടി നൃത്തം, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, കുച്ചുപ്പുടി, ഭരതനാട്യം, കവിതാപാരായണം, മിമിക്രി, മോഹിനിയാട്ടം, ഒപ്പന തുടങ്ങി വിവിധ ഇനങ്ങളിൽ ആയിരുന്നു പരിപാടികൾ അരങ്ങേറിയത്.രചനാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി പ്രത്യേക വേദിയും സജ്ജമാക്കിയിരുന്നു.

ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രൈഡ് പ്രോജക്ട് സംബന്ധിച്ച് മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനായി കുടുംബശ്രീയുടെ ഡി ഡബ്ല്യു എം എസിന്റെ പ്രത്യേക കൗണ്ടറും മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

പലരീതിയിൽ ആവിഷ്കരിക്കപ്പെടുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ പ്രതിഭയ്ക്ക് പൂർണ്ണ പിന്തുണ നൽകാൻ സർക്കാരും സാമൂഹ്യനീതി വകുപ്പും പ്രതിജ്ഞാബദ്ധമാണെന്നും വരും വർഷം ഇതിനെക്കാൾ വർണ്ണപ്പകിട്ടോടെ കലോത്സവത്തിന് തുടർച്ചയൊരുക്കും.