ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും, കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ സംസ്ഥാന കലോത്സവം ‘വർണ്ണപ്പകിട്ട് 2025’ മാർച്ച് 16, 17 തീയ്യതികളിലായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിയ്ക്കുന്നു.
ട്രാൻസ്ജെൻഡർ ക്ഷേമത്തിൻറെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ഒരു കലാസംഘം രൂപീകരിക്കുകയും, ആവശ്യമായ പരിശീലനം നൽകുകയും ചെയ്യ്തിട്ടുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ പൊതുസ്വീകാര്യതയും, സ്വാഭിമാനവും ഉയർത്തുന്നതിനും, സ്വയംപര്യാപ്തത കൈവരിക്കുന്നതിന് പ്രാപ്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘അനന്യം” എന്ന പേരിൽ രൂപീകരിച്ചിരിക്കുന്ന കലാസംഘത്തിൻറെ ആദ്യ പരിപാടിയുടെ പ്രദർശനോദ്ഘാടനവും. ട്രാൻസ്ജെൻഡർ ഫെസ്റ്റിന്റെ ഉദ്ഘാടനവും 2025′ മാർച്ച് 16 ന് വൈകുന്നേരം 5 മണിക്ക് ഇതേ വേദിയിൽ വച്ചു ബഹു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ്മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കുന്നു.
ബഹുമാനപ്പെട്ട MLA ശ്രീ. വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. തിരുവനന്തപുരം നഗരസഭാ മേയർ ശ്രീമതി. ആര്യരാജേന്ദ്രൻ. ബഹു. പാർലമെന്റ് അംഗം ഡോ. ശശിതരൂർ, ബഹു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ബഹു.വാർഡ് കൗൺസിലർ ശ്രീ. പാളയം രാജൻ എന്നിവർ വിശിഷ്ടഅതിഥികൾ ആയിരിക്കും 2025 മാർച്ച് 16, 17 തീയതികളിലായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന കലോത്സവത്തിൽ യുവജനങ്ങളെയും, വിദ്യാർത്ഥികളെയും കലോത്സവത്തിന്റെ ഭാഗമാക്കിക്കൊണ്ട് വിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്നതാണ് കലോത്സവത്തിൻറെ TAGLINE. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമൂഹത്തിൽ കൂടുതൽ ദൃശ്യതയും, സ്വീകാര്യതയും ഉറപ്പു വരുത്തുവാൻ ഈ കലോത്സവം വഴിയൊരുക്കുന്നതാണ്.
സാമൂഹിക, രാഷ്ട്രീയ-സാംസ്കാരിക പ്രതിഭകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കലോത്സവത്തിൻറെ മുന്നോടിയായി മാർച്ച് 16 വൈകുന്നേരം 4 മണിയ്ക്ക് വർണ്ണശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ആരംഭിച്ച് നിശാഗന്ധിയിൽ അവസാനിക്കുന്ന തരത്തിലാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളം, മുത്തുക്കുട, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായി സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്രയിൽ ട്രാൻസ്ജെൻഡർ വ്യക്തികളോടൊപ്പം വിവിധ സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ, നഗരപരിധിയിലുള്ള വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ. അധ്യാപകർ, NCC/NSS വോളൻറിയർമാർ, സാമൂഹ്യ നീതി വകുപ്പിലെ ജീവനക്കാർ എന്നിവർ പങ്കെടുക്കുന്നു. വിളംബര ഘോഷയാത്ര യൂണിവേഴ്സിറ്റി പരിസരത്ത് വച്ച് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അവർകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു. വിളംബര ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം വുമൺസ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും സംഘടിപ്പിക്കുന്നുണ്ട്.